ഡാന്‍സിനു ഡ്രസ് എടുക്കാന്‍ അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ ബസിടിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. എംസി റോഡിൽ അമ്പലംകുന്നിൽ ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇടയാർ കൊച്ചുമലയിൽ കെ.എ. അരുണിന്റെയും അശ്വതിയുടെയും മകൾ ആരാധ്യയാണു മരിച്ചത്. അശ്വതിക്കും (36), ഇളയ മകൾ ആത്മികയ്ക്കും (4) പരുക്കുണ്ട്.
സ്കൂളിലെ ഡാൻസ് പരിപാടിക്കു വസ്ത്രം വാങ്ങാൻ കൂത്താട്ടുകുളത്തേക്കു പോവുകയായിരുന്നു അമ്മയും രണ്ടു മക്കളും. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ബസ് മറികടക്കുമ്പോഴായിരുന്നു അപകടം. ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നു മൂവരും റോഡിൽ വീണു. ആരാധ്യയുടെ ദേഹത്തു ബസിന്റെ പിൻചക്രം കയറിയിറങ്ങി. അപകടം നടന്നയുടന്‍ കണ്ടക്ടര്‍ ബെല്ലടിച്ച് ബസ് നിര്‍ത്തിച്ചെങ്കിലും കുട്ടി അടിയിൽ പെട്ടതറിയാതെ ഡ്രൈവർ വീണ്ടും ബസ് മുന്നോട്ടെടുത്തതായി യാത്രക്കാർ പറഞ്ഞു.
അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പാമ്പാക്കുട അഡ്വഞ്ചർ പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആരാധ്യ. അശ്വതി ഇതേ സ്കൂളിൽ അധ്യാപികയാണ്. പിതാവ് അരുൺ വിദേശത്താണ്. സംസ്കാരം പിന്നീട്.