സോഷ്യല്‍ മീഡിയയില്‍ വൈറലായി അര്‍ജുന്‍റെയും മനാഫിന്‍റെയും ചിത്രം വച്ച് കൊല്ലം പള്ളിമുക്കത്തൊരു കട.  അര്‍ജുന്‍ സ്റ്റോഴ്സ് എന്ന് പേരിട്ടിരിക്കുന്ന കടയില്‍ എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം, ചകിരിച്ചോര്‍, ബിരിയാണി കുട്ടകള്‍ തുടങ്ങിയവയാണ് വില്‍ക്കുന്നത്. അര്‍ജുന്‍റെയും മനാഫിന്‍റെയും ചിത്രം വച്ചാണ് കടയുടെ ബോര്‍ഡ്. ബദറുദ്ദീന്‍ എന്നയാളുടെ കടയ്ക്കാണ് ‘അര്‍ജുന്‍ സ്റ്റോഴ്സ്’ എന്ന് പേരിട്ടിരിക്കുന്നത്. 

27 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി വന്ന ബദർ, വടക്കേവിള വില്ലേജ് ഓഫിസിനു സമീപം 5 വർഷം മുൻപാണ് ‘നമ്മുടെ കട’ തുടങ്ങിയത്. അതിനോടു ചേർന്നാണ് അർജുൻ സ്റ്റോഴ്സ്. നേരത്തെ ഇതു മകൻ നടത്തിയിരുന്ന ‘പ്രവാസി മൊബൈൽസ്’ എന്ന കട ആയിരുന്നു.കടയുടെ പേരിടലിൽ അവസാനിക്കുന്നില്ല, ബദറിന്റെ കാരുണ്യപ്രവർത്തനം. 4 വർഷമായി എല്ലാ വെള്ളിയാഴ്ചയും ഒരു ബക്കറ്റുമായി ബദർ ഇറങ്ങും അർബുദ രോഗികളെ സഹായിക്കുന്നതിനുള്ള ചികിത്സാസഹായം സ്വരൂപിക്കാൻ. രാവിലെ 10. മുതൽ 11.30 വരെയാണ് ധനസമാഹരണം. ലഭിക്കുന്ന പണം സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്ററിന് അപ്പോൾ തന്നെ അയയ്ക്കും. പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിയുടെ മുന്നിലെ ബദാം മരച്ചുവട്ടിൽ പൊതുജന സാന്നിധ്യത്തിലാണ് തുക എണ്ണി തിട്ടപ്പെടുത്തി അയച്ചുകൊടുക്കുന്നത്. ഓരോ ആഴ്ചയും 3500– 4000 രൂപ ലഭിക്കും. തുക അയച്ചു കൊടുക്കുന്നതിന്റെ രേഖ പോസ്റ്റർ ആയി പ്രസിദ്ധീകരിക്കും.പ്രദേശത്ത് മരിക്കുന്നവരുടെ ചിത്രം ഉൾപ്പെടുത്തി ബോർഡ് സ്ഥാപിക്കുന്നതും ബദർ മുടങ്ങാതെ ചെയ്യുന്നു. പ്രവാസി പെൻഷൻ തുകയായി ലഭിക്കുന്ന 4000 രൂപയിൽ പകുതിയും ബോർഡ് സ്ഥാപിക്കുന്നതിനാണ് ചെലവഴിക്കുന്നത്. ഇതിൽ ജാതിയോ മതമോ നോക്കാറില്ല. വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിനെത്തുന്ന ഭക്തർക്ക് സർബത്ത് ഉൾപ്പെടെ കുടിവെള്ളം മുസ്‌ലിംലീഗ് വടക്കേവിള മേഖല കമ്മിറ്റി സെക്രട്ടറിയായ ബദറിന്റെ വകയാണ്.

അതേ സമയം ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ സഹോദരി അഞ്ജുവിന്‍റെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ ചേവായൂർ പൊലീസ് കേസ് എടുത്തു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പടക്കം ചുമത്തിയാണ് കേസ്. അതെ സമയം മനാഫിനെതിരെയല്ല സമൂഹമാധ്യമങ്ങളിലെ മോശം പ്രതികരണങ്ങൾക്കെതിരെയാണ് പരാതി നൽകിയതെന്ന് അർജുന്‍റെ കുടുംബം പ്രതികരിച്ചു. കുടുംബം പരാതി നല്‍കിയതുകൊണ്ട് മാത്രം മനാഫ് പ്രതിയാകില്ലെന്നും കുടുംബം മനാഫിന് എതിരെയും പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

ഫണ്ട് പിരിവും വൈകാരികത മുതലെടുപ്പുമടക്കം മനാഫിനെതിരെ പരാതി ഉന്നയിച്ച ശേഷമാണ് അർജുന്റെ കുടുംബം നിയമ വഴി തേടിയത്. അതിരൂക്ഷ സൈബർ അതിക്രമവും ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.യു ട്യൂബ് ചാനൽ വഴി കുടുംബത്തിനെ അപകീർപ്പെടുത്തിയെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തുവെന്നും ചേവായൂർ പൊലിസ് റജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ഉണ്ട്.

ENGLISH SUMMARY:

arjun stores viral on social media