കേരളം വിറച്ച ഇലന്തൂര്‍ ഇരട്ട നരബലി പുറത്തുവന്നിട്ട് ഇന്ന് രണ്ടു വര്‍ഷം. പ്രതികളായ ഭഗവല്‍സിങ്ങും, ഭാര്യ ലൈലയും, മുഹമ്മദ് ഷാഫിയും റിമാന്‍ഡിലാണ്. വീടാകെ കാട് മൂടിയെങ്കിലും ഇപ്പോഴും സന്ദര്‍ശകര്‍ ഉണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. കാടും കാവും മൂടിയ വിജനമായ വഴിയിലൂടെ സഞ്ചരിക്കാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്.
2022 ഒക്ടോബര്‍ പതിനൊന്നിനാണ് ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്‍റെ വീട്ടിലേക്കാണ് ജനം ഒഴുകിയെത്തിയത്. ദുര്‍മന്ത്രവാദത്തിനായി രണ്ട് സ്ത്രീകളെ ബലികൊടുത്ത് കുഴിച്ചിട്ടെന്ന വിവരം പുറത്തറിഞ്ഞ ദിവസം. എറണാകുളത്തെ ലോട്ടറി വില്‍പനക്കാരായ റോസ്‌ലിനേയും പത്മയേയും ആണ് മുഹമ്മദ് ഷാഫി തന്ത്രപൂര്‍വം ഇലന്തൂരിലെ തിരുമ്മുകാരനായ ഭഗവല്‍സിങ്ങിന്‍റെ വീട്ടിലെത്തിച്ച് ബലി കൊടുത്തത്. നാട്ടിലെ സജീവ സിപിഎം പ്രവര്‍ത്തകനായ ഭഗവല്‍സിങ്ങിന്‍റെ മന്ത്രവാദമുഖം കണ്ട് നാട് ഞെട്ടി. അന്നാണ് പലയിടത്തായി കുഴിച്ചിട്ട മൃതദേഹങ്ങളും പുറത്തെടുത്തത്.
Also Read; 'നടുവൊടി റോഡ് പുരസ്കാരം'; മന്ത്രിക്ക് സമര്‍പ്പിച്ച് നാട്ടുകാര്‍
അന്നത്തെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പാടുപെട്ടു. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ക്രൂരമായ കൊലപാതക മുറകള്‍ വെളിപ്പെട്ടു. കൊലപാതകത്തിന് ശേഷം മൃതദേഹ ഭാഗങ്ങള്‍ ഭക്ഷിക്കാനായി ഫ്രിജില്‍ സൂക്ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മുഹമ്മദ് ഷാഫി ഭഗവല്‍ സിങ്ങിനേയും ഭാര്യ ലൈലയേയും ദുര്‍മന്ത്രവാദത്തിന്‍റെ ലോകത്തേക്ക് നയിച്ചത്. അവിടെ നിന്നാണ് നരബലിയിലേക്ക് എത്തിയത്.
രണ്ടു വര്‍ഷം കഴിയുമ്പോള്‍ വീടും തൊട്ടടുത്തുള്ള തിരുമ്മുകേന്ദ്രവും കാടു കയറി. മുന്നിലെ കുടുംബക്കാവുകൂടി ചേരുമ്പോള്‍ ഭയാനക അന്തരീക്ഷമായി. ഇതുവഴി രാത്രി പോകാന്‍ ഭയമുള്ളവരും ഇല്ലാത്തവരുമായ നാട്ടുകാരുണ്ട്. ഇപ്പോഴും നരബലി വീടുകാണാന്‍ ഇപ്പോഴും ആളുകളെത്താറുണ്ട് എന്നത് മറ്റൊരു കൗതുകം.
തൊട്ടടുത്ത പറമ്പിലുളളവര്‍ മതിലുകെട്ടി നരബലി വീട് മറച്ചു. മറ്റ് അയല്‍ക്കാരും മതിലിന് ഉയരംകൂട്ടി. പത്മയുടേയും റോസ്‌ലിന്‍റേയും മൃതദേഹങ്ങള്‍ കുഴിച്ചെടുത്തയിടം കാടൂമൂടിക്കഴിഞ്ഞു. മൂന്നു പ്രതികളും രണ്ടുവര്‍ഷമായി ജയിലിലാണ്. ഇനിയും വിചാരണ പൂര്‍ത്തിയായിട്ടില്ല.