ganeshkumar-childseat-natpac

കാറില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം മണിക്കൂറുകള്‍ക്കകം മന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചതില്‍ രോഷം പുകയുന്നു. ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന തീരുമാനം റദ്ദാക്കാന്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചുവെന്നാണ് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍റെ ആരോപണം. സമൂഹമാധ്യമത്തിലാണ് നാറ്റ്പാക്ക് ഉദ്യോഗസ്ഥനായ സുബിന്‍ ബാബു കുറിപ്പ് പങ്കുവച്ചത്. വിവാദമായതിന് പിന്നാലെ കുറിപ്പ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. 

'താന്‍ എന്ത് പൊട്ടനാടോ' എന്ന് മന്ത്രിയോട് തിരിച്ച് ചോദിക്കാതെ അപമാനമത്രയും ഉദ്യോഗസ്ഥര്‍ സഹിച്ചത് തേജോവധം ചെയ്യുമെന്ന് ഭയന്നിട്ടാണെന്നും ആധികാരികമായി അറിവുള്ളവര്‍ പറയുമ്പോള്‍ ഇളിച്ച ചിരിയോടെ കളിയാക്കിയത് കണ്ടതിന്‍റെ അസ്വസ്ഥത ഇതുവരേക്കും മാറിയിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു. മന്ത്രി ഇരിക്കുന്ന സീറ്റിന് വിലയുള്ളത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ ആക്ഷേപമത്രയും സഹിച്ചതെന്നും അദ്ദേഹം എഴുതി. 

നാറ്റ്പാക്കിലെ ഹൈവേ എന്‍ജിനീയറിങ് ഡിവിഷന്‍ സീനിയര്‍ സയന്‍റിസ്റ്റാണ് രോഷക്കുറിപ്പ് പങ്കുവച്ച് സുബിന്‍ ബാബു. കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ..'ബഹുമാനപ്പെട്ട അങ്ങ് മനസ്സിലാക്കുക. താന്‍ എന്തു പൊട്ടനാടോ എന്നു തിരികെ അവരാരും ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ്. പൊട്ടയായ വ്യക്തിത്വമുള്ളയാളാണെന്നാണു പുറത്ത് അറിയുന്നത്. അള മുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും എന്നു പൊട്ടത്തരം വിളിച്ചു പറയുന്നവര്‍ ഓര്‍ക്കണം. അന്നം തരുന്ന സ്ഥാപനത്തെ തള്ളിപ്പറഞ്ഞാല്‍ എല്ലാവരും സഹിക്കണമെന്നില്ല. ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഒരുപാടുപേര്‍ ഇവിടെയുണ്ട്.

വിഷയത്തില്‍ ആധികാരിക അറിവുള്ളവര്‍ പറയുന്നതിനെ ഇളിച്ച ചിരിയോടെ കളിയാക്കുന്നതു കണ്ട അസ്വസ്ഥത ഇപ്പോഴും മാറിയിട്ടില്ല. ശരിയായില്ല സര്‍, അങ്ങു കാണിച്ചത്. ഞങ്ങളാരും ആത്മാഭിമാനം ഇല്ലാത്തവരല്ല. അങ്ങ് ഇരിക്കുന്ന സീറ്റിനു വിലയുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ആക്ഷേപം സഹിച്ചത്. നല്ലതു ചെയ്ത ഗതാഗത കമ്മിഷണര്‍ ഇളിഭ്യനായി. മലയാളികള്‍ക്കു സന്തോഷവുമായി. 'ഇവിടെ എല്ലാ പരിപാടിയും ഞാനാണ്. മീഡിയ കവറേജ് കൊടുക്കാത്ത എല്ലാ പരിപാടിയും ഞാന്‍ മുടക്കും' എന്നതാണു നിലപാട്. മിനിയാന്നത്തെ ഓര്‍ഡര്‍ ഇന്നലത്തെ വേസ്റ്റ് പേപ്പറായി. 

പുതിയ ഗതാഗത കമ്മിഷണര്‍ക്ക് മന്ത്രിയെ അത്ര വശമില്ലെന്നു തോന്നുന്നു. പുള്ളി അറിയാതെ സര്‍ക്കുലര്‍ ഇട്ടത്രെ. ചൈല്‍ഡ് റെസ്‌ട്രെയിന്‍റ് സിസ്റ്റം അത്യാവശ്യമാണ്. എന്നാല്‍ നടപ്പാക്കാന്‍ സാവകാശം ആവശ്യമുണ്ട്. അതു മാത്രമേ ഗതാഗത കമ്മിഷണര്‍ നാഗരാജു സാറിന്‍റെ സര്‍ക്കുലറില്‍ ഞാന്‍ കണ്ടുള്ളു. കാര്‍ വാങ്ങാന്‍ പൈസ കണ്ടെത്തിയെങ്കില്‍ അതിന്‍റെ കൂടെ ഒരു 3,000 കൂടി മുടക്കിയാല്‍ ഒരു കുട്ടിയെ സുരക്ഷിതമായി കൊണ്ടുപോകാം'.

നാലു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കിയാണ് ഗതാഗത കമ്മിഷണര്‍ എച്ച്.നാഗരാജു ബുധനാഴ്ച നിര്‍ദേശം ഇറക്കിയത്. മന്ത്രിയുമായി കൂടിയാലോചിക്കാതെ നിയമം മാത്രം നോക്കിയുള്ള നിര്‍ദേശം 24 മണിക്കൂറിനകം മന്ത്രി ഗണേഷ്കുമാര്‍ തിരുത്തുകയായിരുന്നു. കേന്ദ്രനിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ കേരളത്തില്‍ വണ്ടിയോടിക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഗതാഗത കമ്മിഷണറുടെ നിര്‍ദേശം ബോധവല്‍ക്കരണത്തിന് മാത്രമാണെന്നും പിഴ ഈടാക്കില്ലെന്നും കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തിയാല്‍ മതിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിനെതിരെയാണ് ഉദ്യോഗസ്ഥരില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നത്. 

ENGLISH SUMMARY:

NATPAC officer against KB Ganeshkumar's stand on Child seat. He alleged that the officials were silenced during the meeting called by the minister to cancel the decision to make child seats mandatory.