പുതുവര്‍ഷം ആഘോഷിക്കാന്‍ ബാറിലെത്തുന്നവര്‍ക്ക് മദ്യവും ഭക്ഷണവും മാത്രമല്ല, ഡ്രൈവറെ കൂടി ബാറുകള്‍ ലഭ്യമാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഈ നടപടി. എറണാകുളം ജില്ലയിലെ ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കാണ് എംവിഡി ഉത്തരവ് കൈമാറിയത്. ബാറിന് പുറത്ത് പ്രഫഷനല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.
ഡ്രൈവര്‍ പുറത്തുണ്ടെന്ന് ബാറിലെത്തുന്നവരെ അറിയിക്കണമെന്നും മദ്യപിച്ച് വാഹനമോടിച്ചാലുണ്ടാകുന്ന അപകടത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ നോട്ടിസ് ബാറില്‍ ഉണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു. ഡ്രൈവറുടെ സേവനം തേടുന്നവരുടെ വിവരങ്ങള്‍ റജിസ്റ്ററില്‍ േരഖപ്പെടുത്തി സൂക്ഷിക്കണം. മാത്രവുമല്ല, ഡ്രൈവര്‍ വേണ്ടെന്നും മദ്യപിച്ച് വാഹനമോടിച്ച് മടങ്ങുകയും ചെയ്യാന്‍ ശ്രമിക്കുന്നവരുടെ വിവരം അടുത്ത പൊലീസ് സ്റ്റേഷനിലോ ആര്‍ടിഒ ഓഫിസിലോ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.