naveen-funeral-final

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ചൊല്ലി നാട്. അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് മലയാലപ്പുഴയിലെ വീട്ടിലേക്കും പത്തനംതിട്ട കലക്ട്രേറ്റിലേക്കും എത്തിച്ചേര്‍ന്നത്. അങ്ങേയറ്റം വികാരനിര്‍ഭരമായ അന്ത്യാഞ്ജലിയാണ് പ്രിയപ്പെട്ട മനുഷ്യന് നാടും സഹപ്രവര്‍ത്തകരും നല്‍കിയത്. നവീന്‍റെ മക്കളായ നിരുപമയും നിരഞ്ജനയും ചേര്‍ന്നാണ് അന്ത്യ കര്‍മങ്ങള്‍ ചെയ്തത്.

കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്ക് വരികയാണെന്ന് അറിയിച്ച നവീനെ ഉറ്റവര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി കാത്തിരുന്നുവെങ്കിലും അന്ന് നവീന്‍ എത്തിയില്ല. പകരം നാടും വീടും ഒട്ടും പ്രതീക്ഷിക്കാതെ ചേതനയറ്റ് മടങ്ങി വന്നു. ദിവ്യ എസ്.അയ്യരും പി.ബി നൂഹും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രി കെ.രാജനും വീണാ ജോര്‍ജും നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചു. ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം തുടങ്ങിയവരുമെത്തി.  Also Read: നിറയാത്ത കണ്ണുകളില്ല; നവീന്‍ ബാബു ആരായിരുന്നുവെന്ന് തെളിയിക്കും ഈ ദൃശ്യം

നവീന്‍റെ വിയോഗത്തില്‍ അതിവൈകാരികമായ കുറിപ്പാണ് പത്തനംതിട്ട മുന്‍ കലക്ടര്‍ പി.ബി. നൂഹ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഏത് കാര്യവും നൂറ് ശതമാനം വിശ്വാസ്യതയോടെ ഏല്‍പ്പിക്കാന്‍ സാധിക്കുന്ന വ്യക്തിയായിരുന്നു നവീനെന്നും എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള  ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തിൽ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവിൽ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  Read More: ഇനി അച്ഛനില്ലല്ലോ....കരഞ്ഞു തളര്‍ന്ന് നവീന്‍ ബാബുവിന്റെ കുടുംബം

'30ലേറെ വർഷക്കാലത്തെ ഗവൺമെന്റിലെ പ്രവർത്തനത്തിനുശേഷം റിട്ടയർമെൻറ് ലേക്ക് കിടക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ്  അദ്ദേഹത്തിന് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കേണ്ടി വന്നത്  ഏറെ സങ്കടകരമാണ്. ഗവൺമെൻറ് വകുപ്പുകളിൽ സാധാരണ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തിൽ ജോലിചെയ്യാൻ  സാധിക്കാത്തതും ഏറെ ജോലിഭാരം ഉള്ളതുമായ ഒരു വകുപ്പിൽ 30ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ അദ്ദേഹം  കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു' -കുറിപ്പില്‍ പറയുന്നു. 

ENGLISH SUMMARY:

Emotional homage to ADM Naveen Babu by his colleagues and homeland.