പാലക്കാട്ടെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിവാദം പുകയവേ, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേയ്ക്ക് തിരിച്ചു. പാലക്കാട്ടേക്കുള്ള യാത്രയിലാണെന്ന് വ്യക്തമാക്കി രാഹുൽ കാറിലിരുന്നുകൊണ്ട് ഫെയ്സ്ബുക്കിൽ റീൽസിടുകയായിരുന്നു. 

ഹൃദയത്തിന് ആർദ്രതയുള്ള മനുഷ്യന്മാരുടെ നാട്ടിലേക്കാണ് മത്സരിക്കാനായി പാർട്ടി പറഞ്ഞയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഒരു പാലക്കാട്ടുകാരനെ കാണുമ്പോൾ എനിക്കുവേണ്ടി ഒരു വാക്ക് സംസാരിക്കണമെന്ന് അഭ്യർഥിക്കുന്നു.  ആരും ജനപ്രതിനിധിയാകാൻ കൊതിക്കുന്ന സ്ഥലമാണിത്. ഈ ഉത്തരവാദിത്തത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. 

ഐക്യജനാധിപത്യ മുന്നണിയുടെ പാലക്കാട്ടെ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.  കെ.എസ്.യു ജനറൽ സെക്രട്ടറി ആയിരിക്കുന്ന കാലം മുതൽ പാലക്കാടുമായി അടുത്ത ബന്ധമുണ്ട്. നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ ഭാ​ഗമായി പാലക്കാട് നിരവധി ദിവസം ചിലവഴിച്ചിട്ടുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയും കണ്ണാടിയും മാത്തൂരും അവിടത്തെ ആൾക്കാരുമൊക്കെ വളരെ പരിചിതരാണ്. കുറഞ്ഞ സമയം കൊണ്ട് പരമാവധി ആളുകളിലേക്ക് എത്താനാണ് ശ്രമം. എനിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ജീവിതത്തിൽ നിങ്ങൾക്ക് തല കുനിക്കേണ്ട അവസ്ഥയുണ്ടാക്കില്ല. - അദ്ദേഹം വ്യക്തമാക്കി.  

അതേസമയം, പി. സരിൻ ഇടഞ്ഞു നിൽക്കവേ, കോണ്‍ഗ്രസ് നേതൃത്വം കാട്ടിയത് നീതികേടെന്ന് പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്‍റ് എ.വി.ഗോപിനാഥ് പ്രതികരിച്ചു. കാര്യങ്ങള്‍ തുറന്ന് പറയുന്ന നേതാക്കളെ കുറയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ചില്ലറ തര്‍ക്കങ്ങളുണ്ടായാലും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിക്ക് വേണ്ടി എല്ലാം സമര്‍പ്പിച്ച തന്നെ, രാജിവച്ചിട്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും ഗോപിനാഥ് മനോരമ ന്യൂസിനോട് പറഞ്ഞി.

ENGLISH SUMMARY:

Rahul Mamkootathil facebook reel about palakkad