ഭാഗ്യം, ദൈവാധീനം എന്നൊക്കെ പറയുന്നത് ഇതാണ്! മരണം മുന്നില്‍ക്കണ്ട നിമിഷങ്ങള്‍. ‘ദൈവമേ’ എന്ന് അറിയാതെ വിളിച്ചുപോകുന്ന സമയം. ആ നേരത്ത് രക്ഷകനായി ആരുവന്നാലും അത് ദൈവമെന്ന് കരുതും.
കഴിഞ്ഞ ദിവസം ബത്തേരി സ്വദേശി ഇബ്രാഹിം അങ്ങനൊയൊരു ദൈവത്തെ കണ്ടു, പേര് സുധീഷ്. സ്വന്തം വീടിന് നൂറുമീറ്റര്‍ അപ്പുറത്തെ വീട്ടില്‍ ഓലയും തേങ്ങയും വെട്ടിയിടുന്നതിനാണ് മരംമുറി തൊഴിലാളിയായ ഇബ്രാഹിം എന്ന നാല്‍പ്പത്തൊന്നുകാരന്‍ ചെന്നത്. രാവിലെ പത്തരയോടെ യന്ത്രമുപയോഗിച്ചാണ് തെങ്ങില്‍ കയറി. ഒരു കുല തേങ്ങ വെട്ടിയിട്ടു. അല്‍പം കൂടി മുകളിലേക്ക് കയറി, പിടിച്ചത് ചീഞ്ഞുപോയ ഓലമടലില്‍. പച്ച ഓലയില്‍ പിടികിട്ടാതെ നേരെ പിന്നോട്ട് മറിഞ്ഞു. തലകുത്തനെ താഴേക്ക് തൂങ്ങിയാടി. ചവിട്ടുപടിയില്‍ നിന്ന് ഇടതുകാല്‍ വിട്ടുപോയി. വലതുകാല്‍ യന്ത്രത്തില്‍ കുടുങ്ങി. ഇതുകണ്ട് വീട്ടുടമസ്ഥര്‍ പരിഭ്രാന്തരായി. പിന്നാലെ പരിസരവാസികള്‍ ഓടിക്കൂടി.
ആ നേരത്താണ് മരംവെട്ടുതൊഴിലാളിയായ കഴമ്പ് സ്വദേശി ചാലാപ്പള്ളി സുധീഷ് ആ വഴി വരുന്നത്. സാധാരണ പോകുന്ന വഴിയല്ല. പക്ഷേ ഇന്നലെ എന്തുകൊണ്ടോ ആശാരിപ്പടിയിലൂടെ പൊയ്ക്കളയാം എന്ന് സുധീഷിന് തോന്നിയതാണ് ഇബ്രാഹിമിന് തുണയായത്. മിന്നല്‍വേഗത്തില്‍ തെങ്ങിൻ മുകളിലെത്തിയ സുധീഷ് ഇബ്രാഹിമിന്റെയടുത്തെത്തി തല ഉയർത്തി തോളിൽ വച്ചു. പിന്നീട് കയറുകൾ കൊണ്ട് തെങ്ങിലും സമീപത്തെ കമുകിലും കെട്ടി ബലപ്പെടുത്തി. ഇബ്രാഹിമിന്റെ തല താഴേക്കു തൂങ്ങാതെ തോളിൽ വച്ച് സുധീഷ് തെങ്ങിൻമുകളിൽ തന്നെ നിന്നു. തൂങ്ങിക്കിടന്ന ഇബ്രാഹിമിന്റ ശരീരം തെങ്ങിനോട് ചേര്‍ത്തുകെട്ടി കാലില്‍ നിന്ന് ഭാരം ഒഴിവാക്കി കൊടുക്കുകയും ചെയ്തു. പിന്നെ 20 മിനിറ്റ് ഇബ്രാഹിം തലകുത്തനെയും തോളില്‍ ചേര്‍ത്ത് താങ്ങി നിര്‍ത്തി സുധീഷും. പൊതുവെ ധൈര്യശാലിയായ ഇബ്രാഹിമിനോട് ബേജാറാവേണ്ടെന്നും താനൊപ്പമുണ്ടെന്നും സുധീഷ് പറഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം കണ്ട് ഇബ്രാഹിമിന്റെ ഭാര്യയും മകളും നാട്ടുകാരും താഴെ. ബാപ്പയുടെ അവസ്ഥ കണ്ട് പ്ലസ്ടുവിന് പഠിക്കുന്ന കരഞ്ഞുവിളിച്ചു. പക്ഷേ ധൈര്യം കൈവിടാതെ ഫയര്‍ഫോഴ്സ് വരുംവരെ ഇരുവരും ക്ഷമയോടെ നിന്നു. 20 മിനിറ്റിനുള്ളില്‍ ലാഡറുമായെി ഫയര്‍ഫോഴ്സ് എത്തി. ഒപ്പം പൊലീസും ആംബുലന്‍സും. അങ്ങനെ അധികം താമസിയാതെ ഏണിയിലൂടെ ഇരുവരും താഴേക്ക്.
ഇബ്രാഹിമിനെ നേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തെങ്ങില്‍ തൂങ്ങി നിന്നതിനാല്‍ കാലില്‍ നീര് വന്നതൊഴിച്ച് മറ്റു പ്രശ്നങ്ങളില്ല. ആരോഗ്യം തൃപ്തികരം. സംഭവത്തെക്കുറിച്ച് ഇരുവരും മനോരമന്യൂസ് ഡോട്ട്കോമുമായി സംസാരിച്ചു. താന്‍ ഭയന്നില്ലെന്നും സുധീഷ് വന്നതോടെ ആശ്വാസമായെന്നും ഇബ്രാഹിം പറഞ്ഞു. വരാന്‍ സാധ്യതയില്ലാത്ത വഴിയിലൂടെ വരണമെന്ന് തോന്നിയത് ദൈവാനുഗ്രഹമെന്ന് സുധീഷ് പറഞ്ഞു. മരം മുറി തൊഴിലാളി ആയതിനാലാണ് ഇബ്രാഹിമിനെ രക്ഷിക്കാനായത്. മരം തൂക്കുന്നയാളാണ്. അതുകൊണ്ട് ഇബ്രാഹിമിനെ താങ്ങി നിര്‍ത്തുന്നതില്‍ പ്രയാസമുണ്ടായില്ലെന്നും സുധീഷ് പറഞ്ഞു. കുഞ്ഞിനെ മടിയില്‍ എടുക്കുന്നതു പോലെയാണ് അഗ്നിശമനസേന എത്തിയ ശേഷം താഴേക്കിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ആശങ്കയും പരിഭ്രാന്തിയും കണ്ടു നിന്നവര്‍ക്കായിരുന്നുവെന്നും തങ്ങള്‍ തെങ്ങിന്‍മുകളില്‍ സംസാരിച്ച് ചില്‍ ചെയ്തിരിക്കുകയായിരുന്നെന്നും ചിരിയോടെ പറയുന്നു സുധീഷ്.