വൈറല്‍ വിഡിയോ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ താരമായ മുബീന കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. വൈറല്‍ വിഡിയോയും റീലും മാത്രമായിരുന്നില്ല മുബീനയുടെ ഹോബി. പണക്കാരിയായി ജീവിക്കാനുള്ള മോഹത്തിനായി അല്ലറ ചില്ലറ മോഷണം. അതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ ആണ് മുബീന തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നായിരുന്നു മുബീനയുടെ മോഷണ അരങ്ങേറ്റം. മുബീനയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഏഴു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. പക്ഷേ അന്ന് മുബീനയാണ് കളളിയെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
എന്നാല്‍ നാത്തൂന്റെ വീട്ടിലെ മോഷണമാണ് ഇന്‍സ്റ്റാ താരത്തെ പിടികൂടാന്‍ കാരണമായത്. കഴിഞ്ഞമാസം മുപ്പതിനായിരുന്നു കുമ്മിള്‍ കിഴുനിലയിലെ മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും കുട്ടികളുടെ ആഭരണങ്ങളുമടക്കം പത്തുപവനോളം മുബീന കൈക്കലാക്കിയത്. ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ മുബീനയാണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രണ്ടു മോഷണങ്ങളെക്കുറിച്ചും മുബീന കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Also Read: സ്വര്‍ണം മോഷ്ടിച്ചു; ലക്ഷ്യം ആഡംബര ജീവിതവും വില കൂടിയ ഫോണും; ഇന്‍സ്റ്റ താരം കുടുങ്ങിയ വഴി...
ആഡംബരജീവിതം നയിക്കാനും മൊബൈല്‍ഫോണ്‍ വാങ്ങാനുമാണ് മോഷണം നടത്തിയതെന്നും ഇന്‍സ്റ്റഗ്രാം താരമായ യുവതിപറഞ്ഞു. കൊല്ലം ചിതറ ഭജനമഠം സ്വദേശിയാണ് 26കാരിയായ മുബീന. മോഷണ മുതലിലെ ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ മുബീനയുടെ ഭർത്താവ് അടുത്തിടെ വിദേശത്ത് പോയി. ആഢംബര ജീവിതം നയിക്കാനായിരുന്നു മോഷണം. ഒരുലക്ഷം രൂപയിലധികം വരുന്ന മൊബൈല്‍ഫോണ്‍ വാങ്ങാനും പണം ആവശ്യമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ വിഡിയോ ചെയ്ത് ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മുബീന. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.