നീണ്ട സമരപരമ്പരകൾക്കൊടുവിൽ കോട്ടയം വെച്ചൂർ അഞ്ചുമനപ്പാലം പണിപൂർത്തിയാകുമ്പോൾ അടുത്ത വിവാദത്തിന് കളമൊരുക്കി സുരക്ഷാവേലി നിർമ്മാണം. വശം ചേർന്നുള്ള നടപ്പാതക്ക് നടുവിലൂടെയാണ് കിഫ്ബി എൻജിനീയർമാരുടെ സുരക്ഷാവേലി നിർമ്മാണം.  മൂക്കത്ത് വിരൽ വച്ചു പോകും ഈ പണി കണ്ടാല്‍. 

ഇതോടെ നാട്ടുകാരും പറഞ്ഞുതുടങ്ങി, അഞ്ചുമനപ്പാലം ഒരു നടയ്ക്കു പോകുന്ന ലക്ഷണമില്ലെന്ന്. പാലം പണി തീർന്ന് അവസാന മിനുക്ക് പണിയിലാണെന്ന് ആശ്വസിച്ചിരിക്കുന്ന നാട്ടുകാരെ ഞെട്ടിച്ചുകളഞ്ഞു നിർമ്മാണ വൈഭവം. നടപ്പാതയൂടെ നടുക്ക് കാലുകൾ നാട്ടിയാണ് സുരക്ഷാ ബാരിക്കേഡ് പണിതത്. 

നടപ്പാതയിലൂടെ ഞെരുങ്ങി വേണം കാൽനടയാത്രക്കാർക്ക് പോകാൻ. ഒരു ഭാഗത്ത് സുരക്ഷാവേലി നടപ്പാതയുടെ നടുക്കാണെങ്കിൽ മറുവശത്ത് എത്തുമ്പോഴേക്കും നടപ്പാത തന്നെ ഇല്ലാതാക്കും. എന്നാൽ പ്ലാൻ  ബി യുണ്ട് കിഫ്ബിയുടെ പക്കൽ. അതനുസരിച്ച് സുരക്ഷാവേലി പൊളിച്ചു തുടങ്ങിയിട്ടുണ്ട്.

മൂന്ന് കോടി 31 ലക്ഷം മുടക്കിയാലെന്താ... വിവാദങ്ങളും രാഷ്ട്രീയ ആരോപണങ്ങളും നിർമ്മാണ വൈകല്യങ്ങളുമൊക്കെ ചേർന്ന് നാല് വർഷങ്ങളായി നാട്ടുകാരെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ അഞ്ചുമനപ്പാലം. 

ENGLISH SUMMARY:

Anjumana bridge construction again in controversies.