ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ താമസിച്ച മുറികളിൽ പൊലീസ് പരിശോധന നടത്തിയത് വലിയ രാഷ്ട്രിയ വിവാദങ്ങള്‍ക്കാണ് ഇടയായത്.  പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി ആരോപിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് എ.എ റഹീമിനെ ട്രോളി വി.ടി ബല്‍റാം രംഗത്ത് എത്തിയത്. 

റെയ്ഡ് നടന്ന ഹോട്ടലിന് താഴെ ഉറക്കക്ഷീണത്തോടെ ഇരിക്കുന്ന റഹീമിന്‍റെ ചിത്രം പങ്കുവച്ചാണ് വി.ടി ബല്‍റാം പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘ദാറ്റ്‌ അവസ്ഥ’ എന്നാണ് റഹീം ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.  ഇതിന് പിന്നാലെ കോണ്‍ഗ്രസ് സൈബറിടത്തും വ്യാപക ട്രോള്‍സാണ് വരുന്നത്.‌ വടകരയിലെ കാഫിറിനു ശേഷം എകെജി തിയറ്റര്‍ അവതരിപ്പിക്കുന്ന പാലക്കാട്ടെ ട്രോളി ബാഗ്, ഇതും ചീറ്റി പോയ പടക്കമായി തുടങ്ങി നിരവധി ട്രോളുകളാണ് വരുന്നത്. 

അതേ സമയം പാലക്കാട് നടന്നത് വന്‍ രാഷ്ട്രീയഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കൊടകര മറയ്ക്കാനുള്ള സി.പി.എം– ബി.ജെ.പി നാടകം അരങ്ങിലെത്തും മുന്‍പേ പൊളിഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ മന്ത്രി എം.ബി.രാജേഷും അളിയനുമാണ്. സ്ത്രീകളെ അപമാനിച്ച മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഗൂഢാലോചനയാണ് പാലക്കാട് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. 

ENGLISH SUMMARY:

There was a big political controversy when the police searched the rooms where the Congress leaders were staying in the Palakkad hotel, alleging that they had brought black money for the by-elections