ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി സീപ്ലെയിൻ (ജലവിമാനം) എത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. മന്ത്രി മുഹമ്മദ് റിയാസാണ് ഈ കാര്യം അറിയിച്ചത്. തിങ്കളാഴ്ച കൊച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീ പ്ലെയിനിൻ്റെ ആദ്യ സർവ്വീസ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എംഎൽഎമാരായ എ രാജ, എംഎം മണി എന്നിവർ സന്നിഹിതരായിരിക്കും.
കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗം കൊച്ചിയിൽനിന്ന് കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.