ചങ്ങനാശേരി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പഴങ്ങളും ശുദ്ധജലവും ഉൾപ്പെടെയുള്ള ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാനാണ് ഡിവൈഎഫ്ഐ സ്നേഹത്തിന്റെ കട തുറന്നത്. ഇവിടേയ്ക്കാണ് അപ്രതീക്ഷിത അതിഥിയായി ചാണ്ടി ഉമ്മൻ എംഎൽഎ എത്തിയത്, സിപിഎം മാടപ്പള്ളി ലോക്കൽ സെക്രട്ടറി പി.എ.ബിൻസണും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ഭക്ഷണവും പങ്കിട്ടു. സെൽഫിയുമെടുത്താണ് ഇവർ പിരിഞ്ഞത്.
കടയുടെ ഉദ്ഘാടനം പി.എ.ബിൻസൺ നിർവഹിച്ചു. ഡിവൈഎഫ്ഐ മാടപ്പള്ളി മേഖലാ പ്രസിഡന്റ് മനേഷ് മാടത്താനി അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എഇഒ കെ.ഒ.സുനി, മേഖലാ സെക്രട്ടറി വൈശാഖ് എസ്.പണിക്കർ, ബ്ലോക്ക് സെക്രട്ടറി ജസ്റ്റിൻ ജോസഫ്, ബ്ലോക്ക് കമ്മിറ്റി അംഗം രഞ്ജിഷ് രവി, അജിത് വിനോദ്, വി.കെ.നിഷാദ് ജിബി ജോൺ, സാജൻ ജോൺ, രാജേഷ്, ബിജു ജോൺ ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.