വയനാട് തോൽപ്പെട്ടിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കുട്ടിയാന ഇന്ന് അമ്മയാന ക്കൊപ്പം സേഫാണ്. കൂട്ടം തെറ്റി റോഡിൽ കുസൃതി കാണിച്ച കുഞ്ഞനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അമ്മക്കരികിലെത്തിച്ചത്. നേരത്തെ ആനവണ്ടിക്ക് പിന്നാലെ ഓടിയ കുട്ടിയാനയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായതാണ്.
മൂന്ന് മാസം മാത്രം പ്രായമോള്ളു അവന്. അമ്മയാനയിൽ നിന്ന് കൂട്ടം തെറ്റി വന്നതോടെയാണ് തോൽപ്പെട്ടിയിൽ കുസൃതി കാണിച്ചത്. കെ.എസ്.ആർ.ടി.സി ബസിനെയടക്കം തടഞ്ഞു വെച്ചും പിന്നാലെ ഓടിയും കുറേ നേരം വനപാതയിൽ തുടർന്നത്. പിന്നാലെ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആദ്യം അമ്മയാനയെ കണ്ടെത്താനായില്ല. പിന്നെ അവനെ കൂടെ കൂട്ടി.
സുരക്ഷിത കേന്ദ്രത്തിലെത്തിച്ച കുട്ടിയാനക്ക് ആദ്യം പ്രാഥമിക ചികിത്സ നൽകി. ആരോഗ്യ പ്രശ്നങ്ങളിലെന്ന് ഉറപ്പ് വരുത്തി. വിശപ്പകറ്റി. പേടി മാറിയതോടെ കുസൃതി പിന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം
ഇരുട്ട് വീണപ്പോഴാണ് അമ്മയാനയെ കണ്ടെത്തിയത്. പിന്നെ ദൗത്യം ആരംഭിച്ചു. പതിയെ കുട്ടിയാനയെ അമ്മയുടെ അടുത്തേക്ക് തള്ളി വിട്ടു. അപകടകരമായ ദൗത്യമായിരുന്നെങ്കിലും പൂർത്തിയാക്കി. അമ്മയെ കണ്ടതോടെ കുട്ടിയാനയും ഹാപ്പി, അമ്മയാനയും ഹാപ്പി.
ഇനി മേലാൽ കാടിറങ്ങിയേക്കരുത് എന്ന് പറഞ്ഞാണ് കുഞ്ഞനെ യാത്രയാക്കിയത്. തോൽപ്പെട്ടി റേഞ്ച് ഓഫീസർ ഷിബുക്കുട്ടൻ, ഡോ. അജേഷ് മോഹൻദാസ് എന്നിവർക്കൊപ്പം ആര്‍ആര്‍ടി അംഗങ്ങളും വനം വകുപ്പ് ജീവനക്കാരുമാണ് ദൗത്യ സംഘത്തിലുണ്ടായിരുന്നത്.