ഇത്തവണയും ആചാരം തെറ്റിക്കാതെ കെഎസ്ആർടിസിയുടെ കൊട്ടാരക്കര ഡിപ്പോ. പമ്പയിലേക്കുള്ള മണ്ഡലകാല ബസ് സർവീസ് പ്രത്യേക പൂജയോടെ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് ബസ് സർവീസ് നടത്തുമെങ്കിലും കൊട്ടാരക്കര ഡിപ്പോയിൽ പ്രത്യേക ചടങ്ങുകളോടെയാണ് തുടങ്ങുന്നത്. ഇപ്രാവശ്യവും മാറ്റമില്ലാതെ ആചാരം തുടർന്നു.
അയ്യപ്പന്റെ ചിത്രവും നിലവിളക്കും കൊളുത്തി ഡിപ്പോയിൽ പ്രത്യേകം സജ്ജമാക്കിയ അയ്യപ്പ മണ്ഡപം.ഇവിടെ പൂജകൾക്ക് ശേഷമാണ് ബസ് സർവീസിന് തുടക്കമായത്. ബസ്, ബസിന്റെ ബോർഡ് ,ടിക്കറ്റ് മെഷീൻ തുടങ്ങിയവയെല്ലാം പൂജിച്ചു.
കൊട്ടാരക്കര ഗണപതി ക്ഷേത്രം കീഴ്ശാന്തി അനൂപ് പൂജകൾക്ക് കാർമികത്വം വഹിച്ചു. ഡിപ്പോയിലെ അയ്യപ്പ മണ്ഡപത്തിൽ മണ്ഡലകാലം കഴിയും വരെ എല്ലാ ദിവസവും വൈകിട്ട് പൂജയുണ്ട്. പമ്പക്ക് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന പ്രധാന ഡിപ്പോയാണ് കൊട്ടാരക്കര കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ എത്തിയ ശേഷം പമ്പയിലേക്ക് ബസ് പുറപ്പെടുന്നതാണ് രീതി.