ശബരിമലയ്ക്കുപോകുമ്പോള്‍ ഭൂരിഭാഗം തീര്‍ത്ഥാടകരുടെയും ആശങ്കകളിലൊന്നാണ് തിരിച്ചുപോകാന്‍ ബസില്‍ സീറ്റ് കിട്ടുമോ എന്നത്. ടിക്കറ്റ് റിസര്‍വ് ചെയ്താലും ദര്‍ശനം കഴിഞ്ഞ് കൃത്യസമയത്ത് പമ്പയിലെത്താനായില്ലെങ്കില്‍ എന്ത് െചയ്യും എന്നതും തലവേദനയാണ്. എന്നാല്‍ ഇനി അത്തരം ആശങ്കകള്‍ വേണ്ട. ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.
പമ്പയില്‍ നിന്നുള്ള മടക്കയാത്രയ്ക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് ഇനി മുതല്‍ 24 മണിക്കൂര്‍ കാലാവധിയുണ്ടാകും. റിസര്‍വ് ചെയ്ത ടിക്കറ്റ് കാണിച്ചാല്‍ 24 മണിക്കൂറിനകം ഏത് ബസില്‍ വേണമെങ്കിലും കയറി യാത്രയും ചെയ്യാം. ഇതാണ് െക.എസ്.ആര്‍.ടി.സി കൊണ്ടുവന്ന പുതിയ പരിഷ്കാരം.
ഉദാഹരണത്തിന് തൃശൂരില്‍ നിന്ന് ഒരാള്‍ പമ്പയിലേക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യുകയാണെന്ന് കരുതുക. ഒപ്പം തിരിച്ചുള്ള യാത്രക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നു. തിരിച്ചുപോകുമ്പോള്‍ ബുക്ക് ചെയ്ത ബസില്‍ തന്നെ കയറണമെന്ന് നിര്‍ബന്ധമില്ല. ബുക്ക് ചെയ്ത സമയം മുതല്‍ 24 മണിക്കൂറിന് ഇടയിലുള്ള ഏത് ബസില്‍ വേണമെങ്കിലും കയറാം. റിസര്‍വേഷന്‍ കൂപ്പണ്‍ കാണിച്ചാല്‍ സീറ്റ് സൗകര്യം ഒരുക്കും. സീറ്റ് നമ്പരില്‍ മാറ്റം വന്നേക്കാമെന്നുമാത്രം.
ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിങ് സൈറ്റില്‍ കയറി ദര്‍ശന സമയം ബുക്ക് ചെയ്യുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ബുക്ക് െചയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.