മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രണ്ട് വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായി യാത്രക്കാര്‍. രാവിലെ 7ന് പുറപ്പെടേണ്ട തിരുവനന്തപുരം - മസ്കറ്റ് ഫ്ലൈറ്റും 10 മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം - ദോഹ ഫ്ളൈറ്റുമാണ് റദ്ദാക്കിയത്. പകരം ടിക്കറ്റ് ലഭിക്കാതെ വന്ന യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ദോഹക്ക് പോകേണ്ട ചില യാത്രക്കാർക്ക് ശ്രീലങ്ക വഴിയുള്ള ടിക്കറ്റ് മാറ്റി നൽകിയെങ്കിലും പകരം ടിക്കറ്റ് ലഭിക്കാത്തവർ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ചു.
പകരം ടിക്കറ്റ് ശരിയാക്കാമെന്ന് പറഞ്ഞ ഉദ്യോഗസ്ഥരോട് ഓരോ യാത്രക്കാരനും രോഷത്തോടെ തങ്ങളുടെ വേദന പറയുകയായിരുന്നു. ജോലി പോകുമെന്നും ഈ നിക്കുന്നവരെയൊക്കെ വെടിവക്കാന്‍ പറയൂ എന്നും യാത്രക്കാര്‍ പറയുന്നു. വലിയ തുക മുടക്കി വരുന്നവര്‍ക്കേ അതിന്‍റെ ബുദ്ധിമുട്ട് മനസിലാകുകയുള്ളൂവെന്നും ടാക്സി വിളിച്ചാണ് എത്തിയതെന്നും യാത്രക്കാര്‍ പറയുന്നു. കൃത്യസമയത്ത് അവിടെ എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ ഈ സാമാനമൊന്നും ഇനി വേണ്ടെന്നും പറഞ്ഞ് യാത്രക്കാരിലൊരാള്‍ തന്റെ പാസ്പോര്‍ട്ട് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഈ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ പറ്റാതെ എയര്‍പോര്‍ട്ട് മാനേജര്‍ ആണെന്നും പറഞ്ഞിരിക്കുന്നതെന്തിനാണെന്നും യാത്രക്കാര്‍ ഉദ്യോഗസ്ഥനോട് ചോദിക്കുന്നുണ്ട്. ഒടുവില്‍ നിങ്ങളുടെ പകരം സംവിധാനമെന്താണെന്ന് ചോദിച്ച് സ്വയം ശാന്തരാകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.