ജീത്തു ജോസഫ് സിനിമകളില്‍ കാണില്ല ഇത്രത്തോളം ട്വിസ്റ്റുകള്‍, അത്രയ്ക്ക് ട്വിസ്റ്റുകളുടെയും നുണകളുടെയും കൂമ്പാരമാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്. ആദ്യം ആരോപണം ഉന്നയിക്കും പിന്നീട് ഉന്നയിച്ച ആരോപണം തള്ളികളയും ഇതാണ് ശരിക്കും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇതുവരെ കണ്ടത്. ഇന്നിതാ വീണ്ടും ഭര്‍ത്താവ് മര്‍ദിച്ചെന്നും പക്ഷെ പരാതിയില്ലെന്നും ആരോപിച്ച് യുവതി രംഗത്ത് എത്തിയിരിക്കന്നു. ഒപ്പം പുതിയ ആവശ്യം കൂടെ സ്വന്തം വീട്ടില്‍ പോകണം.

ഇന്നലെ രാത്രിയാണ് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും  മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്. ഭര്‍തൃവീട്ടില്‍ വച്ച് വീണ്ടും മര്‍ദനമേറ്റെന്ന് പന്തീരാങ്കാവിലെ യുവതി പറയുന്നത്. ആംബുലന്‍സില്‍ വച്ചും ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചുവെന്ന് പറഞ്ഞ യുവതി പരാതി ഇല്ലെന്നും അറിയിച്ചു. അതേസമയം, യുവതിയെ ആശുപത്രിയിലാക്കിയ ശേഷം മുങ്ങിയ ഭര്‍ത്താവ് രാഹുവിനെ പാലാഴിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നേരത്ത പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. 

അന്ന് യുവതി പറഞ്ഞത്

'ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചത് എന്നും ബെല്‍റ്റവച്ച് അടിച്ചതും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്. ഈ രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്. ഞാന്‍ പറഞ്ഞതെല്ലാം നുണകളാണ്. അതില്‍ കുറ്റബോധം തോന്നുന്നു. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നത്' 

വിവാഹമോചനം ലഭിക്കാത്തതിനാല്‍ വിവാഹം നടത്തേണ്ട എന്ന് രാഹുല്‍ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താന്‍ നിര്‍ബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ തന്നെ മര്‍ദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് ബാത്ത്‌റൂമില്‍ പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.

ഇക്കാര്യം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തര്‍ക്കം ഉണ്ടായത.് കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്’ – യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

ENGLISH SUMMARY:

The woman involved in the widely discussed Pantheerankavu domestic violence case in Kerala has been admitted to Kozhikode Medical College Hospital with severe injuries.