നാട്ടിക അപകടത്തില്‍ രമേഷിന് നഷ്ടപ്പെട്ടത് രാത്രി നെഞ്ചോട് ചേര്‍ത്തുറക്കിയ മകനെ. കണ്‍മുന്നിലാണ് ലോറി നാലുവയസുകാരന്‍ മകന്‍ ജീവയുടെ ജീവനെടുത്തത്. അരികില്‍ കിടന്നിരുന്ന ഭാര്യ ചിത്ര ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രമേഷ് നേരിയ പരുക്കുകളോടെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഞൊടിയിടയില്‍ എല്ലാം തീര്‍ന്നതായി രമേഷ് പറയുന്നു. ഇതിനിടെ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി കയറി മുന്നോട്ടുപോയ ലോറി പിന്നോട്ടെടുത്ത് വന്ന് വീണ്ടും ശരീരത്തിലൂടെ കയറ്റിയതായാണ് രമേഷ് പറയുന്നത്.
പുലര്‍ച്ചെ നേരത്ത് മുതിര്‍ന്ന ആളുകള്‍ ഉറക്കമായിരിക്കുമെങ്കിലും ആ രണ്ട് കുഞ്ഞുങ്ങള്‍ ആ നേരത്തും ഉണര്‍ന്നെണീറ്റ് ഓടിക്കളിക്കുന്നതു കാണാമെന്ന് സംഭവസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. നാലുവയസുകാരന്‍ ജീവയും ഒരുവയസുകാരന്‍ വിശ്വയും മോണിങ് വാക്കിനു പോകുന്നവരുടെയും വാത്സല്യകാഴ്ചയായിരുന്നു. ആ കുഞ്ഞുങ്ങള്‍ രണ്ടുപേരും മരിച്ചു എന്നറിഞ്ഞപ്പോള്‍ നെഞ്ചുപിളരുന്ന പോലെ തോന്നിയെന്നും ഇവര്‍ പറയുന്നു.
നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ നടുവില്‍ അടച്ചുകെട്ടിയ ഭാഗത്താണ് അപകടത്തില്‍പ്പെട്ട കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ബാരിക്കേഡ് വച്ചതിനാല്‍ വാഹനങ്ങള്‍ എത്തില്ല എന്നുറപ്പുള്ളതിനാലാണ് നാലുമാസമായി ഇവിടേക്ക് ഉറക്കം മാറ്റിയത്. ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതുമെല്ലാം ഇവിടെ തന്നെ. ഇവര്‍ക്കൊപ്പമുള്ള ചിലര്‍ ഏതാനും മീറ്ററകലെ ഓടയുടെ സ്ലാബിനു മുകളില്‍ കഴിഞ്ഞിരുന്നു. വലിയ വാഹനങ്ങള്‍ രാത്രി പാര്‍ക്ക് ചെയ്യാനെത്തുമ്പോള്‍ ആളുകള്‍ കിടക്കുന്നതറിയാതെ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മാറിക്കിടക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ ചെയ്തവരും അപകടത്തില്‍പ്പെട്ടു.
പല തൊഴിലുകള്‍ ചെയ്താണ് ഇവരെല്ലാം കുടുംബം പോറ്റിയിരുന്നത്. പുലര്‍ച്ചെ എണീറ്റ് പണിക്കുപോകുമ്പോള്‍ ഒപ്പം കൊണ്ടുപോകാന്‍ പാകത്തിനു ഇവര്‍ ചോറും കറിയും ഉണ്ടാക്കി പാത്രത്തിലടച്ചുവച്ചാണ് ഉറങ്ങാറുള്ളത്. വസ്ത്രങ്ങളടക്കമുള്ള ബാഗും മറ്റും പാതയുടെ നടുവില്‍ അടച്ചുവച്ച സ്ലാബുകള്‍ക്കിടെയില്‍ സൂക്ഷിക്കും. അപകടസ്ഥലത്തു ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും ഭക്ഷണവും ദാരുണകാഴ്ചയായി ശേഷിച്ചു.