മുണ്ടക്കൈ– ചൂരല്‍മല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍, യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് വളഞ്ഞിട്ട് തല്ലിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പെടെ 50 ഓളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇതില്‍ ജഷീര്‍ പള്ളിവയലിനെ പേര് വിളിച്ച് ക്രൂരമായി വളഞ്ഞിട്ട് തല്ലുകയായിരുന്നു പൊലീസ്. സംഭവത്തില്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എത്ര തല്ലി ഒതുക്കാൻ നോക്കിയാലും വയനാട്ടിലെ വലിയ ദുരന്തത്തെ അതിജീവിച്ചവർക്ക് മുന്നിൽ സർക്കാരുകൾ മറ്റൊരു ദുരന്തമായി മാറിയാൽ അത് ചോദ്യം ചെയ്യുമെന്ന് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ തന്നെ തല്ലിചതച്ച പൊലീസുകാരന്‍റെ ചിത്രം ഫെയ്സ്ബുക്കിലിട്ട് ‘ദൈവം ആയുസ് തന്നിടുണ്ടേൽ മോനേ വിനോയ് കെ ജെ തന്നെ വിടത്തില്ല’ എന്നാണ് ജഷീര്‍ പള്ളിവയലിന്‍ കുറിച്ചിരിക്കുന്നത്. അഞ്ചുവട്ടം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തിരുന്നു.