എഴുത്തിന്‍റെ ലോകത്തേക്ക് കടക്കുകയാണെന്ന് അറിയിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അച്ഛന്‍റെ ആഗ്രഹവും തന്‍റെ കടമയുമാണ് എഴുത്തിലൂടെ യാധാര്‍ഥ്യമാകുന്നതെന്ന് ജ്യോതികുമാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പഠിത്തമായാലും പ്രവർത്തനമായാലും പൊതുസമൂഹത്തിനും വരുംതലമുറയ്‌ക്കും ഉപകാരപ്പെടുന്ന രീതിയിലാകണമെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. അച്ഛന് കൊടുത്ത വാക്ക് പോലെ താന്‍ പുസ്തകം എഴുതാന്‍ പോവുകയാണെന്നും ചാമക്കാല പറയുന്നു.
കുറിപ്പ്
അതെ, അയാൾ പുസ്തകം എഴുതാൻ തുടങ്ങുകയാണ്.....സ്കൂൾ അവധികാലത്ത് അമ്മയുടെ വീടായ ചവറ പുതുക്കാട്, കല്ലേക്കുളം നെടിയേഴത്ത് വീട്ടിലേക്ക് പോകും. നാലഞ്ച് ഏക്കറിൽ വിശാലമായ പറമ്പും വീടും. തെക്കുവശത്തു കലങ്ങിനോട് ചേർന്നും പടിഞ്ഞാറുവശത്തും നിരവധി വീടുകളുണ്ട്; എന്റെ പ്രായക്കാരായ നിരവധി കുട്ടികളും. ഞങ്ങളെല്ലാവരും കൂടി ചേർന്നാൽ ഒരു പ്രൈമറി സ്കൂൾ തുടങ്ങാനുള്ള അംഗസംഖ്യയുണ്ടാകും.
സാറ്റ്, കളിപ്പന്ത്, വണ്ടികെട്ടൽ, കഥ പറച്ചിൽ, പാട്ട് തുടങ്ങി സകലകലാവല്ലഭന്മാരായ ഒരുകൂട്ടം കുട്ടിസംഘം. നേരം പുലരുമ്പോൾ തുടങ്ങി ഇരുട്ടുവോളം ഞങ്ങൾ അവധിക്കാലം കെങ്കേമമായി ആഘോഷിക്കും. ആകെയുള്ള ബ്രേക്ക് ഭക്ഷണസമയത്ത് അമ്മൂമ്മയുടെ കർശനമായ നോട്ടം മാത്രമാണ്.
അങ്ങനെയൊരു അവധിക്കാലം കഴിഞ്ഞ് തിരികെ എന്റെ അഞ്ചലിലെ വീട്ടിൽ എത്തിയപ്പോൾ മനസ്സിന് വല്ലാത്ത പ്രയാസം. അമ്മൂമ്മയുടെ സ്നേഹം, കൂട്ടുകാർ, സ്വാതന്ത്ര്യം എല്ലാം സ്വിച്ചിട്ടപോലെ നിന്നത് എന്റെ കുഞ്ഞുമനസ്സിന് ഉൾകൊള്ളാൻ സാധിക്കുന്നില്ല. അസ്വസ്ഥമായ മനസ്സിൽ തോന്നിയത് ഒരു ചെറുകഥയായി നോട്ടുബുക്കിന്റെ രണ്ടുപേജിൽ കോറിയിട്ടു. ആറു വയസ്സുകാരന്റെ ഗൃഹാതുരത്തിന്റെ ആദ്യവരികൾ.
അവധിക്കാലം കഴിഞ്ഞ് മടങ്ങിവന്ന എന്നിലെ മ്ലാനത അച്ഛൻ ശ്രദ്ധിച്ചു. ആയിരക്കണക്കിന് കുട്ടികളെ കണ്ടിട്ടുള്ള ഹെഡ്മാസ്റ്ററായ അച്ഛന് എന്നിൽ വന്ന മാറ്റം തിരിച്ചറിയാൻ ഒരു നിമിഷം മതിയല്ലോ! എന്നെ അമ്മയുടെ മുന്നിൽനിറുത്തി അച്ഛന്റെ സൗമ്യസ്വരം, എന്തുപറ്റി മോനേ... തല കുനിച്ചു നിന്ന എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല. തോളത്തു കൈവെച്ച് അച്ഛന്റെ ചോദ്യം, പറ മോനേ എന്താ പറ്റിയത്? അച്ഛന്റെ മുഖത്തേക്ക് ഞാൻ തല ഉയർത്തി. എന്റെ കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നു, തിരിഞ്ഞെന്റെ നോട്ട്ബുക്ക് എടുത്ത് ഞാനെഴുത്തിയ പേജ് അച്ഛന് നേർക്ക് നീട്ടി. അച്ഛന്റെ കണ്ണ് പ്രകാശവേഗത്തിൽ വരികളിലൂടെ സഞ്ചരിച്ചു. അച്ഛൻ എന്നെ ചേർത്തുപിടിച്ചു, എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട അമ്മയും കരയുന്നു. അച്ഛന്റെ കയ്യിൽനിന്ന് നോട്ട്ബുക്ക് വാങ്ങി അമ്മയും നോക്കുന്നു. എന്റെ എഴുത്ത് നന്നായി എന്ന് പറഞ്ഞുതുടങ്ങി 6 വയസ്സുള്ള എന്നിലെ കുട്ടിക്ക് മനസ്സിലാകുന്ന വാക്കുകളിലൂടെ പിന്നെ കുറേനേരം അച്ഛൻ എന്നോട് സംസാരിച്ചു.
സ്കൂൾ പഠിനത്തിന് ഇടയിൽ എന്റെ ചെറിയ എഴുത്തുകൾ തുടർന്നു. വർഷങ്ങൾ നീങ്ങി, അഞ്ചാം ക്ലാസിൽ തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയത്തോടൊപ്പം പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു. പിന്നെ മെഡിസിന് ചേരണമെന്ന അച്ഛന്റെ ആഗ്രഹം എഞ്ചിനിയറിഗ് പഠനത്തിന് പോകണം എന്ന എന്റെ ആഗ്രഹത്തിന് കീഴ്പ്പെട്ടു. അച്ഛന്റെ ഉപദേശം, നീ എഞ്ചിനിയറിഗ് പഠിച്ചോളൂ, ഒന്നുമാത്രം “പഠിത്തമായാലും പ്രവർത്തനമായാലും പൊതുസമൂഹത്തിനും വരും തലമുറക്കും ഉപകാരപ്പെടുന്ന രീതിയിൽ പ്രാവർത്തികമാക്കണം”. ശരിയെന്ന് ഞാൻ തലയാട്ടി!
എഞ്ചിനിയറിഗ് പഠനം കഴിഞ്ഞ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കിൽ ഓടുമ്പോഴും എന്റെ ഇഷ്ടവിഷയങ്ങളായ “വിദ്യാഭ്യാസം, ആരോഗ്യം, നിയമം” എന്നിവയിൽ പറഞ്ഞാൽ തീരാത്തത്ര പഠനവും ഗവേഷണവും ഞാൻ നടത്തുന്നു. എന്നാൽ അച്ഛന്റെ വാക്ക് എന്നിലെ കടമയായി കടമായി നിലനിൽക്കുകയാണ്. അതുകൊണ്ട് ഇത് പൊതുസമൂഹത്തിനും പുതുതലമുറക്കും ഉപകാരപ്പെടാൻ പുസ്തക രൂപത്തിലേക്ക് മാറ്റണം എന്ന തീരുമാനത്തിലേക്ക് എത്തി.
പൊതുപ്രവർത്തനത്തിന്റെ തിരക്കിനിടയിൽ ഇത് എത്രനാളുകൊണ്ട് സാധ്യമാകുമെന്ന് അറിയില്ല, എങ്കിലും അച്ഛന്റെ വാക്കും എന്റെ കടമയും ഞാൻ തിരിച്ചറിയുന്നു, അതെ ഞാൻ പുസ്തകം എഴുതാൻ തുടങ്ങുകയാണ്... നിങ്ങളുടെ അനുഗ്രഹം കൂടെ ഉണ്ടാകണം.