ഇന്നലെവരെ കൂടെ ഉണ്ടായിരുന്നവന്‍, ഊണിലും ഉറക്കത്തിലും കൂട്ടായിരുന്ന ഉറ്റചങ്ങാതി. ‘ഡാ ഞാന്‍ സിനിമയ്ക്ക് പോവാ നീയും വാടാ...’ എന്ന അവസാന വിളി ഇപ്പോഴുമുണ്ട് കാതുകളില്‍. അവനാണ് ഇപ്പോള്‍ ജീവനറ്റ് കിടക്കുന്നത്. ഒന്നിച്ച് എന്‍ട്രന്‍സ് എഴുതി ഡോക്ടര്‍ ആവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ് മുഹമ്മദും കൂട്ടുകാരും. ഒരേ മുറിയില്‍ സൗഹൃദം പങ്കിട്ട് പിന്നിട്ട മാസങ്ങള്‍, ഒറ്റ രാത്രികൊണ്ട് എല്ലാം കീഴ്‍മേല്‍ മറിഞ്ഞു. കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഇനി ഇല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഉറ്റസുഹൃത്തിനുമാകുന്നില്ല. Read More : പ്ലസ് ടുവില്‍ 98 ശതമാനം, നീറ്റില്‍ റാങ്ക്, ഡോക്ടര്‍ എന്ന സ്വപ്നം ബാക്കിയാക്കി മുഹമ്മദ്; നൊമ്പരം
കൂടപ്പിറപ്പുകളെപ്പോലെ കൂടെയുണ്ടായിരുന്നവര്‍, പാറിപ്പറന്നു നടന്ന മെഡിക്കല്‍ കോളജിലേക്ക് ചേതനയറ്റ ശരീരങ്ങളായി തിരിച്ചെത്തിയപ്പോള്‍ ആ സൗഹൃദങ്ങള്‍ക്ക് കണ്ണീരടക്കാന്‍ കഴിയുന്നില്ല. ഇന്നലെ രാത്രി ഒൻപതരയോടെ കളര്‍കോട് ചങ്ങനാശേരി ജംക്‌ഷന് വടക്കായിരുന്നു അപകടം. അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ആറുപേർക്ക് ഗുരുതര പരുക്കേറ്റു. ബസ് യാത്രക്കാരായ 15 പേർക്കും പരുക്കുണ്ട്.
മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്. 6 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്.