‘ഞങ്ങളെ രക്ഷിക്കണേ’ എന്ന് വാവിട്ടു കരഞ്ഞുകൊണ്ട് കാറിലുണ്ടായിരുന്ന ഒരാൾ എന്‍റെ കയ്യിൽ പിടിച്ചു. അപ്പോൾത്തന്നെ അവന്‍റെ ബോധം മറഞ്ഞു’ കളർകോട് അപകടത്തില്‍ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഭിനന്ദിന്‍റെ വാക്കുകളില്‍ ഒള്ളുപൊള്ളിച്ച അനുഭവത്തിന്‍റെ മുറിവുണ്ട്. ഇന്നലെ രാത്രി ഒൻപതരയോടെ ചങ്ങനാശേരി ജംക്‌ഷനു നൂറ് മീറ്റർ വടക്കായിരുന്നു അപകടം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ അഞ്ച് ഒന്നാംവര്‍ഷ വിദ്യാർഥികൾ അപകടത്തില്‍ മരിച്ചു. ആറുപേർക്ക് ഗുരുതര പരുക്കേറ്റു. ബസ് യാത്രക്കാരായ 15 പേർക്കും പരുക്കുണ്ട്. Read More : ‘പഠിക്കാന്‍ മിടുക്കനായിരുന്നു, ഏക മകനാണ്, ഇന്നലെ ഫോണില്‍ വിളിച്ചതാ’; വിങ്ങലോടെ ശ്രീദീപിന്‍റെ കുടുംബം
ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയിൽ കാറോടിച്ചയാളുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നിഗമനം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു.
മരിച്ച അഞ്ചുപേരുടെയും പോസ്റ്റ് മോർട്ടം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.