TOPICS COVERED

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ 1970ലെ ഒരു ചിത്രമാണ്, ഒരു സ്കൂട്ടറും യുവതിയുമാണ് ചിത്രത്തിലുള്ളത്. കേരളത്തിൽ ആദ്യമായി ‘ലൈസന്‍സ് എടുത്ത വനിത’ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കൊച്ചിക്കാരി പുഷ്പലതയാണുള്ളത്. ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുക്കുന്ന കുറിപ്പില്‍ പറയുന്നത് ഇങ്ങനെ, ‘ഏകദേശം 59–60 വർഷങ്ങൾക്കു മുൻപ് കൊച്ചിയിൽ ആദ്യമായി ഒരു വനിത കൊച്ചി നഗരത്തിലൂടെ സ്കൂട്ടർ ഓടിച്ചുപോയപ്പോൾ നാട്ടുകാർ മൂക്കത്തു വിരൽവച്ചു. പൊലീസുകാർ അതിശയിച്ചുനിന്നു. എസ്ആർവി സ്കൂളിലെ കുട്ടികൾ കൂക്കിവിളിച്ചാണ് സ്വികരിച്ചത്. എല്ലാവരും അത്ഭുത ജീവിയെപ്പോലെ നോക്കിനിന്നു.. ആളുകളെ കളിയാക്കലൊന്നും മൈൻഡ് ചെയ്യാതെ അവർ കുതിച്ചു’

പുഷ്പലതയുടെ ആ കുതിച്ചു പായല്‍  ഇന്ന് ചരിത്രമായി. 1970 ൽ ലൈസൻസ് എടുക്കുമ്പോൾ അതൊരു സംഭവമാകുമെന്ന് പുഷ്പലത അറിഞ്ഞിരുന്നില്ല. കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിതയാണ് പുഷ്പലത പൈ. 76–ാം വയസ്സിലും യൗവ്വനത്തിലെ ചുറുചുറുക്ക്.  പുഷ്പലതയുടെ സഹോദരന് മംഗലാപുരത്ത് ഡ്രൈവിങ് സ്കൂൾ ഉണ്ടായിരുന്നു. അതിന്‍റെ ബ്രാഞ്ചൊന്ന്  കൊച്ചിയിലും തുടങ്ങി. വനിതകൾക്കായി ഡ്രൈവിങ് സ്കൂൾ ആരംഭിച്ചതോടെ പുഷ്പലത ഡ്രൈവിങ് ഇൻസ്ട്രക്ടറായി. ആറു വർഷം മുൻപു വരെ കൊച്ചിയിൽ ക്രൗൺ മോട്ടോഴ്സ് എന്ന പേരിൽ ഡ്രൈവിങ് സ്കൂളും നടത്തിയിരുന്നു. കൊച്ചിയിൽ ചീറിപ്പാഞ്ഞു പറക്കുന്ന പലരെയും ഡ്രൈവിങ് പഠിപ്പിച്ചതും ഇവരാണ്. കൂടെ ‘സ്കൂട്ടറമ്മ’ എന്ന വിളിപ്പേരും. അന്നെല്ലാം ഡ്രൈവിങ് പഠിക്കുമ്പോൾ ടയർ മാറ്റാനും പഞ്ചർ ഒട്ടിക്കാനുമെല്ലാം പഠിപ്പിക്കുമായിരുന്നു. മനോരമ വനിത മാസികയുടെ മുഖചിത്രമായും പുഷ്പലത വന്നിട്ടുണ്ട്.

ENGLISH SUMMARY:

Kerala’s first woman scooter rider, Pushpalatha, is a trailblazer who challenged societal norms in the 1950s by embracing motorized two-wheelers at a time when women were largely confined to traditional roles.