കോഴിക്കോട് വടകരയില്‍ അജ്ഞാത വാഹനമിടിച്ച് അബോധാവസ്ഥയിലായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഒമ്പതുവയസുകാരിക്ക് ഇനിയും നീതി കിട്ടിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഇടിച്ച വാഹനം ഇപ്പോഴും കാണാമറയത്താണ്. ഈയാഴ്ച ആശുപത്രി വിടാന്‍ ഒരുങ്ങുമ്പോഴും ആരോഗ്യമന്ത്രി വാഗ്ദാനം ചെയ്ത ചികിത്സ സഹായങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.
പത്തുമാസമായി മകള്‍ ഉണരുന്നതും കാത്തിരിക്കുകയാണ് ഈയമ്മ. ആശുപത്രി വാസം അവസാനിപ്പിച്ച്,കൊളായിത്താഴത്തെ വാടക വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴും ഈയമ്മയ്ക്ക് ആശ്വസിക്കാനൊന്നുമില്ല.ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പക്ഷേ, കാര്യമായ പുരോഗതിയില്ല. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു
ഫെബ്രുവരി 17 –ന് ആണ് ചോറോട് റെയില്‍വേ ഗേറ്റിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ദൃഷാനയെയും അമ്മൂമ്മ ബേബിയെയും അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറുപ്പിച്ചത്. ബേബി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.