ദുരന്ത ബാധിതരെ കൂടുതല്‍ കടുത്ത ശിക്ഷയിലേക്ക് തള്ളിയിടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്. വയനാട്ടിൽ നടന്ന പ്രതിഷേധത്തിലാണ് അദ്ദേഹം രൂക്ഷഭാഷയില്‍ ആര്‍എസ്എസിനെയും പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചത്.

പ്രധാനമന്ത്രി ദുരന്ത ഭൂമിയിലേക്ക് നേരിട്ട് വന്ന് എല്ലാം കണ്ട് മനസിലാക്കിയതാണ്. മോദി ഉറ്റവരെയും ഉടയവരെയും നഷ്ടമായ കുഞ്ഞിനെ ലാളിക്കുന്ന ചിത്രം ദേശീയ മാധ്യമങ്ങളില്‍ വന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മോദിയും ഒരു മനുഷ്യനായി മാറിയോ എന്ന് പലരും ചിന്തിച്ചു. ആര്‍ക്കും ആര്‍എസ്എസുകാരനെ മനുഷ്യനാക്കാനാവില്ലെന്ന് ഇപ്പോള്‍ ബോധ്യമായി. ഡിസാസ്റ്റര്‍ ടൂറിസ്റ്റായാണ് അദ്ദേഹം വന്നത്. ചലനമറ്റ മൃതശരീരങ്ങള്‍ കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് ആര്‍എസ്എസിനുള്ളത്. തകര്‍ന്ന വയനാടിനെയും മലയാളികളുടെ കണ്ണീരിനെയും ആസ്വദിക്കാനാണ് പ്രധാനമന്ത്രി വന്നത്. ചില്ലിക്കാശിന്‍റെ സഹായം ഇതുവരെ വയനാട്ടിന് ലഭിച്ചിട്ടില്ല. ഈ സമരത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും മനസുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും അസാമിനും ബിഹാറിനും വലിയ സാമ്പത്തിക സഹായം കൊടുക്കുമ്പോള്‍ വയനാടും അത് അര്‍ഹിക്കുന്നുണ്ട്. കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന ജനതയാണ് നമ്മുടേത്. രാഷ്ട്രീയമായ പകപോക്കല്‍ തീര്‍ക്കാനുള്ള അവസരമായാണ് ആര്‍എസ്എസ് ഈ ദുരന്തത്തെ കാണുന്നത്. ഹൃദയ ശൂന്യനാണ് മോദി, മനുഷ്യ രൂപം മാത്രമേ അദ്ദേഹത്തിനുള്ളൂ. മനുഷ്യന്‍റെ മനസല്ല പ്രധാനമന്ത്രിക്കുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായി തന്ന ഹെലികോപ്റ്ററിന് പോലും വാടക ഈടാക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ അവഗണന തുടര്‍ന്നാല്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ സമരം ചെയ്യാനാണ് തീരുമാനം. കേന്ദ്രം സഹായിച്ചില്ലെങ്കിലും മലയാളികളുടെ പിന്തുണയോടെ വയനാടിന്‍റെ പുരനധിവാസം മാതൃകാപരമായി ഏറ്റെടുക്കുമെന്നും എം സ്വരാജ് പറഞ്ഞു. 

ENGLISH SUMMARY:

Wayanad landslide; M Swaraj slams Narendra Modi