വിവാഹങ്ങളുടെ മാത്രമല്ല, വിവാഹ വാര്‍ഷികാഘോഷങ്ങളുടെയും ഡെസ്റ്റിനേഷനാണ് കേരളമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വേമ്പനാട് കായലിന്‍റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് അദ്ദേഹം നടി അമല പോളിന് പ്രത്യേക നന്ദിയും അറിയിച്ചു. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അമല പോളിന്‍റെയും ഭര്‍ത്താവ് ജഗത് ദേശായിയുടെയും വിഡിയോയും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കിട്ടു.
കായലിന്‍റെ നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു വിവാഹവാര്‍ഷികാഘോഷം. റൊമാന്‍റിക് തീമിലൊരുക്കിയ വേദിയില്‍ ഇരുവരുമൊന്നിച്ച് വിവാഹ വാര്‍ഷികം ആഘോഷമാക്കുന്ന വിഡിയോ അമല പോള്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. വിഡിയോയ്ക്കൊപ്പം ഹൃദ്യമായൊരു കുറിപ്പും അമല പങ്കുവച്ചു. വിഡിയോ സൈബറിടത്ത് ശ്രദ്ധനേടുകയാണ്. കുമരകത്ത് വേമ്പനാട് കായലിന്‍റെ മനോഹാരിതയിലാണ് വിവാഹവാര്‍ഷികത്തിനുളള ഒരുക്കങ്ങള്‍ അമലയ്ക്കായി ഭര്‍ത്താവ് ജഗത് ഒരുക്കിയത്.
കുഞ്ഞുമൊത്ത് ഹൗസ് ബോട്ടില്‍ കായല്‍ ഭംഗി ആസ്വദിക്കുന്ന താരദമ്പതികളെ കാണിച്ചുകൊണ്ടാണ് വിവാഹവാര്‍ഷിക വിഡിയോ ആരംഭിക്കുന്നത്. ശേഷം അമലയും ജഗതും സ്പീഡ് ബോട്ടില്‍ കായലില്‍ ഒരുക്കിയിരിക്കുന്ന വേദിയിലേക്ക് പോകുന്നതും വിഡിയോയില്‍ കാണാം. ശേഷം ഇരുവരുമൊന്നിച്ചുളള മനോഹരനിമിഷങ്ങളാണ് വിഡിയോയിലുളളത്.
2023 നവംബറിലായിരുന്നു അമല ജഗത് വിവാഹം. ഇരുവര്‍ക്കും അടുത്തിടെയാണ് ആണ്‍കുട്ടി ജനിച്ചത്. ഇളൈയ് എന്നാണ് കുഞ്ഞിന്‍റെ പേര്. കുഞ്ഞുമൊത്തുളള മനോഹരമായ നിമിഷങ്ങളും അമല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആസിഫ് അലിക്കൊപ്പം അഭിനയിച്ച ലെവല്‍ ക്രോസാണ് അമലയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.