സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സ്വാഗതഗാനത്തിന്‍റെ നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാന്‍ പ്രമുഖ നടി വന്‍തുക പ്രതിഫലം ചോദിച്ചെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സൈബര്‍ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു. ആരാണ് ആ നടിയെന്നാണ് ചര്‍ച്ച. ഇത്രയും ജാഡയുള്ള നടി ആരെന്നും, മന്ത്രി എന്തിനാണ് ഈ കാര്യം പൊതുമധ്യത്തില്‍ പറഞ്ഞതെന്നും ചോദ്യം ഉയരുന്നുണ്ട്. ‘കലോത്സവ ധൂർത്ത്, പ്രമുഖ നടിക്ക് 7 മിനുട്ട് കൊറിയോഗ്രാഫിക്ക് 5 ലക്ഷം" എന്ന തലക്കെട്ടാണ് അറിഞ്ഞോ അറിയാതെയോ വഴിമാറിപോയതെന്നും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകളെത്തി.
Read More : സ്വാഗതഗാനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; നടിക്ക് അഹങ്കാരവും ആര്‍ത്തിയുമെന്ന് മന്ത്രി
ചില വിരുതന്‍മാരാകട്ടെ, മലയാളത്തിലെ നര്‍ത്തകരായ പ്രമുഖ നടിമാരുടെ പേരുകള്‍ നിരത്തിയും ചര്‍ച്ച തുടങ്ങി. യുവ നടി മുതല്‍ ലേഡി സൂപ്പര്‍ താരത്തിന്‍റെ പേര് വരെ ചര്‍ച്ചയിലുണ്ട്. ‘കലോത്സവം സ്വാഗതഗാനം നൃത്താവിഷ്‌കാരം ചെയ്യാനും കുട്ടികളെ ആ നൃത്തം പഠിപ്പിക്കാനും ഒരു പ്രമുഖ നടിയോട് ആലോചിച്ചു. അവര്‍ സമ്മതിച്ചു, എന്നാല്‍ പ്രതിഫലമായി അഞ്ചുലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. നമ്മുടെ കലോത്സവങ്ങളിലൂടെ വളര്‍ന്നുവന്ന നടിയാണ്. ഇപ്പോള്‍ പക്ഷേ അവര്‍ക്ക് കേരളത്തോട് അഹങ്കാരമാണ്. എത്ര സമ്പാദിച്ചിട്ടും ഇപ്പോഴും പണത്തോട് ആര്‍ത്തിയാണ്. എന്തായാലും അവരെ നമ്മള്‍ വേണ്ടെന്നുവെച്ചു. പകരം നാട്ടിലെ ഏതെങ്കിലും സാധാരണ നൃത്താധ്യാപികയെ കൊണ്ട് ആ കാര്യം ഭംഗിയായി ചെയ്യിക്കും ' മന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് നടി ആശ ശരത് വെളിപ്പെടുത്തി. ഒരു രൂപ പോലും വാങ്ങിയിട്ടില്ല, ദുബായിൽ നിന്ന് എത്തിയതും സ്വന്തം ചെലവിലാണ്. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ആശ ശരത് മനോരമ ന്യൂസിനോടു പ്രതികരിച്ചു.