ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോല്‍സവത്തിൽ നൃത്ത ഇനങ്ങളിലെ വിധികർത്താക്കൾക്കെതിരെ കോഴ ആരോപണവുമായി വിദ്യാർഥികളും മാതാപിതാക്കളും . പ്രതിഷേധം കടുത്തതോടെ ഇന്ന് നടത്താനിരുന്ന നൃത്ത മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി
നൃത്ത മത്സരങ്ങളിൽ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ കുട്ടികളെ മാത്രം വിജയികളാക്കുന്നു എന്ന് ആരോപിച്ചാണ് കലോത്സവത്തിന്റെ മൂന്നാം വേദിക്ക് സമീപം വിദ്യാർഥികളും മാതാപിതാക്കളും പ്രതിഷേധിച്ചത്. ഇന്നലെ നടന്ന ഭരതനാട്യം കുച്ചുപ്പുടി മത്സരങ്ങളിൽ അർഹതപ്പെട്ടവരെ തഴഞ്ഞെന്നും പരാതിയുണ്ട്. വിധികർത്താക്കളെ നിയമിക്കുന്നതിലടക്കം ഗുരുതര ക്രമക്കേട് നടന്നെന്നാണ് ആരോപണം
പ്രതിഷേധം കടുത്തതോടെ ഇന്ന് നടക്കേണ്ടിയിരുന്ന നൃത്ത മത്സരങ്ങൾ ഈ മാസം 30 ലേക്ക് മാറ്റി. പരാതിയിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. കോഴ ആരോപണം ഉന്നയിക്കുന്ന ജഡ്ജസിനെ വീണ്ടും മത്സരങ്ങളുടെ വിധികർത്താക്കളാക്കിയാൽ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും തീരുമാനം