balabhaskar-death-balu-new

മലയാളികളുടെ നെഞ്ചില്‍ ഇടിത്തീയായാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലഭാസ്കറിന്റെയും കുടുംബത്തിന്റെയും അപകടവാര്‍ത്ത എത്തിയത്. രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അടക്കം മൂന്ന് സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും അപകടത്തില്‍ ദുരൂഹത തുടരുന്നതായാണ് മാതാപിതാക്കളടക്കം പലരും ആരോപിക്കുന്നത്. വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ അടുത്തിടെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പിടിയിലായതോടെ ദുരൂഹതകള്‍ വീണ്ടും തലപൊക്കി. ഇതിനിടയിലാണ് ആ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ആദ്യമായി മനോരമ ന്യൂസിലൂടെ പ്രതികരിച്ചത്. 

താനൊരു സാധാരണക്കാരിയാണെന്നും ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും ലക്ഷ്മി പറയുന്നു. തനിക്കൊന്നും നോക്കാനില്ല. തന്റെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതിയാകുമെന്നും ലക്ഷ്മി വേദനയോടെ പറഞ്ഞു. ‌

ആറു വര്‍ഷം മുന്‍പുള്ള സെപ്ംതബറിലെ ഒരു ചൊവ്വാഴ്ചയായിരുന്നു ആ ദുരന്തദിനം. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുഞ്ഞുമകളുടെ നേര്‍ച്ചയും കഴിഞ്ഞ്, തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് നിന്ന് തുടങ്ങിയ രാത്രിയാത്ര തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്ത് ദേശീയപാതയോരത്തെ ഒരു മരച്ചുവട്ടില്‍ അവസാനിച്ചു. മലയാളി നെഞ്ചോട് ചേര്‍ത്ത ആ സംഗീതം അന്ന് നിലച്ചു.

ബാലുവിനൊപ്പം മകളും പോയപ്പോള്‍ അതിഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി അപകടത്തിന്റെ അവശേഷിപ്പായി. സ്വാഭാവിക അപകടമെന്ന് കരുതിയ കേസിലെ ആദ്യ വഴിത്തിരിവ് – ഞാനല്ല, ബാലുവാണ് വണ്ടിയോടിച്ചതെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിമാറ്റമായിരുന്നു. ബാലുവിന്റെ വിശ്വസ്തരായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെ സ്വത്ത് തട്ടിയെടുക്കാന്‍ സ്വര്‍ണക്കടത്ത് മാഫിയ നടത്തിയ ആസൂത്രിത അപകടമെന്ന ആരോപണത്തിലേക്ക് കുടുംബം കടന്നു.

ബാലുവിന്റെ വാഹനത്തെ ചിലര്‍ ആക്രമിക്കുന്നത് കണ്ടെന്ന അവകാശവുമായി വഴിയാത്രക്കാരനായിരുന്ന കലാഭവന്‍ സോബിയുമെത്തിയതോടെ ദുരൂഹതക്ക് കനമേറി.

ഇതെല്ലാം നുണയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെയും സി.ബി.ഐയുടെയും കണ്ടെത്തല്‍. അമിതവേഗം മൂലമുണ്ടായ അപകടമെന്നും അപകടസമയത്ത് കാറിന്റെ വേഗം 120 കിലോമീറ്ററിന് മുകളിലെന്നും ശാസ്ത്രീയമായി തെളിയിച്ചു. ദുരൂഹതകളെല്ലാം തള്ളിയ സി.ബി.ഐ അപകടകരമായ ഡ്രൈവിങിന് അര്‍ജുനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് അന്വേഷണം അവസാനിപ്പിച്ചു. എതിര്‍പ്പുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചതിനാല്‍ കോടതി നിര്‍ദേശമുള്ള തുടരന്വേഷണമാണ് ഇപ്പോഴുള്ളത്. അതിനിടയില്‍ പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അര്‍ജുന്‍ പിടിക്കപ്പെട്ടതോടെ പഴയ ആരോപണങ്ങളെല്ലാം വീണ്ടും ഉയര്‍ന്നു.

ദുരൂഹതകള്‍ക്കൊപ്പം ചോദ്യമുനകള്‍ ബാലഭാസ്കറിന്റെ വ്യക്തിപരമായ ജീവിതത്തിലേക്കും നീണ്ടു. 

ENGLISH SUMMARY:

Violinist balabhaskar death doubt remains