അയ്യപ്പന്‍റെ ദേശമായ പന്തളത്തെത്തുന്ന തീര്‍ഥാടകരുടെ കൗതുകമാണ് പന്തളം കൊട്ടാരത്തിനൊപ്പം കൈപ്പുഴക്കൊട്ടാരവും. അച്ചന്‍കോവിലാറിന്‍റെ വടക്കേക്കരയിലാണ് കൈപ്പുഴക്കൊട്ടാരം. ആറിന്‍റെ ഇരുകരകളിലുമായുള്ള രണ്ടു കൊട്ടാരങ്ങളിലുമായാണ് അയ്യപ്പന്‍ വളര്‍ന്നതെന്നാണ് ഐതിഹ്യം. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ള കൈപ്പുഴക്കൊട്ടാരം കാണാം.
കൈപ്പുഴ കൊട്ടാരം എന്ന വടക്കേമുറി കൊട്ടാരം. പന്തളം രാജകുടുംബത്തിലെ സ്ത്രീകളുടെ താമസം വടക്കേ കൊട്ടാരത്തില്‍ ആയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എട്ടുകെട്ടാണ്. വിശാലമായ അകത്തളങ്ങളും നടുമുറ്റവും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭരണികള്‍. ഇടത്തോട്ട് ഇറങ്ങിയാല്‍ നിലവറ. വടക്കേട്ടിറങ്ങിയാല്‍ കുളത്തിലേക്കുള്ള പടവുകളാണ്.
Also Read; 'ഗേള്‍ഫ്രണ്ട്സ്' കാണാന്‍ ആള്‍ക്കൂട്ടം; വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന 5 സ്ത്രീകളുടെ കഥ
കുളത്തിലേക്ക് കൊട്ടാരത്തിനകത്തു കൂടിയും പുറത്തു കൂടിയും വഴിയുണ്ട്. ഭൂനിരപ്പില്‍ നിന്ന് ഏറെ താഴെയാണ് കുളം. ഈ കുളം വറ്റിയ ചരിത്രമില്ലെന്നാണ് രാജകുടുംബത്തിലെ അംഗങ്ങള്‍ പറയുന്നത്. കുളത്തിലേക്കുള്ള പടവുകളുടെ കമാനാകൃതിയിലുള്ള മേല്‍ക്കൂരയ്ക്ക് മുകളിലും മുറികളുണ്ട്. ശീതളമായ അന്തരീക്ഷമാണ് മുറികള്‍ള്ളില്‍. വടക്കിനിയില്‍ വിശാലമായ അടുക്കള.
തിരുവാഭരണവുമായി പോകുന്ന രാജ പ്രതിനിധി കൊട്ടാരത്തിലെ വലിയ തമ്പുരാട്ടിയുടെ കയ്യില്‍ നിന്നു ഭക്ഷണം കഴിച്ച് ഭസ്മം വാങ്ങിയാണ് യാത്ര തുടരുന്നത്. കൊട്ടാരമുറ്റത്തെ മണ്ണടി ഭഗവതിയെ വണങ്ങി ഉടവാള്‍ സമര്‍പ്പിക്കും. പടിപ്പുര മാളികയുടെ മുന്നില്‍ക്കൂടിയാണ് തിരുവാഭരണ പാത. ഭസ്മം വാങ്ങി ഇറങ്ങുന്ന രാജപ്രതിനിധി കൈപ്പുഴക്കൊട്ടാരത്തിന്‍റെ പതിനെട്ടുപടികളിറങ്ങി തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ചേരും.