മഹാരോഗങ്ങൾ ബാധിച്ചോ പ്രകൃതി ദുരന്തങ്ങളെ കൊണ്ടോ നഷ്ടപ്പെടുന്നതിനേക്കാൾ ജീവനുകൾ നമ്മുടെ റോഡുകളിൽ പൊലിയുകയാണെന്ന് ഷാഫി പറമ്പിൽ എംപി. ഡോക്ടർമാരായി രോഗികളെ പരിശോധിക്കേണ്ട 6 മെഡിക്കൽ വിദ്വാർത്ഥികൾ മൃതദേഹങ്ങളായി ആലപ്പുഴ ആശുപത്രിയിലെത്തിയതും, ആ രക്ഷിതാക്കളുടെ വേദനയും മലയാളി മനസ്സിന് വല്ലാത്ത ഭാരമായി മാറുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ അപകടത്തിന് തൊട്ട് പുറകേ പാലക്കാട് കരിമ്പയിൽ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി 4 വിദ്യാർത്ഥിനികൾ പരീക്ഷ കഴിഞ്ഞ് ബസ്സ് കാത്തു നിൽക്കുമ്പോൾ ഒരു ലോറി പാഞ്ഞ് കയറി അവരുടെ മേൽ മറിഞ്ഞ് എല്ലാമെല്ലാമായി വളർത്തിയ പെൺകുട്ടികളുടെ ജീവൻ്റെ തുടിപ്പ് നിന്ന് പോകുന്നത് നാം കാണേണ്ടി വന്നു.
ഇന്നിപ്പോ ഇതാ മലേഷ്യയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ മകളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടി കൊണ്ട് വന്ന് വീടെത്താൻ നാലോ അഞ്ചോ കിലോമീറ്റർ മാത്രം അകലെ പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞ വാർത്തകൾ കാണേണ്ടി വരുന്നു.
നമ്മുടെ റോഡുകൾ മരണക്കളങ്ങളാകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ പേറുന്ന വേദന മാത്രം ബാക്കിയായവരുടെ എണ്ണം കൂടി കൊണ്ടേയിരിക്കുമെന്നും അദ്ദേഹം കുറിച്ചു. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.