രണ്ടുവയസ്സേയുള്ളൂ ആതൂസ് എന്ന അഥര്‍വ്വിന്. വാ നിറയെ സംസാരം. പാട്ട് പാടും. മമ്മൂക്കയേയും ലാലേട്ടനെയും അനുകരിക്കും. ഒറ്റ സങ്കടമേയുള്ളൂ, തന്‍റെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പോലെ നേരെയിരിക്കാനോ നടക്കാനോ കഴിയില്ലെന്നുമാത്രം.
ആറു മാസമുള്ളപ്പോഴാണ് ആതൂസിന്‍റെ അസുഖം തിരിച്ചറിയുന്നത്. പേശികളുടെ ശക്തി കുറഞ്ഞുവരുന്ന സ്പൈനല്‍ മസ്കുലാര്‍ അസ്ട്രോഫി ടൈപ്പ് 2. നിലവില്‍ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആറരലക്ഷം രൂപ വിലവരുന്ന മരുന്ന് ഓരോ മാസവും സൗജന്യമായി ലഭിക്കുന്നുണ്ട്. പന്ത്രണ്ടുവയസ്സുവരെ മരുന്ന് സൗജന്യമാണ്.
എസ്എംഎ രോഗികള്‍ക്ക് കൊടുക്കുന്ന ഒറ്റഡോസ് മരുന്ന് സോള്‍ജെന്‍സ്മ നല്‍കാനായാല്‍ ആതൂസിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വലിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, മരുന്നിന് പതിനഞ്ചുകോടിയിലധികം രൂപ വില വരും. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന് ഓട്ടോ ഡ്രൈവറായ അച്ഛന്‍ സജിത്തിനറിയില്ല.
ഹൈബി ഈഡന്‍ എംപിയുടെയും മുന്‍ മന്ത്രി എസ്.ശര്‍മ്മയുടെയും നേതൃത്വത്തില്‍ ചികില്‍സാ സഹായ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ പണം സ്വരൂപിക്കാന്‍ കരോക്കേ ഗാനമേളയും കേക്ക് ചലഞ്ചും നടത്തി. ഇതുവരെ പിരിഞ്ഞുകിട്ടിയത് 23 ലക്ഷം രൂപ മാത്രം. അത് 15 കോടി തികയുന്ന ദിവസം എണ്ണിക്കഴിയുകയാണ് കുടുംബം.
ഇതൊന്നുമറിയാത്ത കുഞ്ഞ് ആതൂസാകട്ടെ, അസുഖ വിവരം അറിഞ്ഞ് വീട്ടിലെത്തുന്നവരെ പാട്ടുപാടിയും മിമിക്രി കാണിച്ചും രസിപ്പിക്കുന്ന തിരക്കിലും.