30 വർഷം മുൻപ് ഉള്ളതെല്ലാം വിറ്റുപെറുക്കി മേഴ്സിയും കുടുംബവും വലിയ പ്രതീക്ഷയോടെ പണിതതാണ് രണ്ടുസെന്റിൽ ഈ കൊച്ചുപുര. പക്ഷേ ആ സന്തോഷത്തിനും സുരക്ഷിതത്വത്തിനും അത്ര ആയുസ്സുണ്ടായില്ല. തൊട്ടടുത്ത പുരയിടത്തിലൂടെ ഒഴുകിയിരുന്ന ഓവുചാല് കരകവിഞ്ഞു. മേഴ്സിയുടെ മുറ്റമാകെ നിറഞ്ഞു. കൃഷിഭൂമിയായിരുന്നിടം മാലിന്യത്തൊട്ടിയായി. ഒരു പരിസരത്തെയാകെ മാലിന്യം ഇവിടേക്കൊഴുകിയെത്തുന്നു. കെട്ടിക്കിടക്കുന്നു.
മൂക്ക് പൊത്താതെ ഒരഞ്ച് മിനിറ്റ് പോലും ഇവിടെ നിൽക്കാൻ കഴിയുന്നില്ല. ദുർഗന്ധത്തിനൊപ്പം കൊതുകും പൊതിയുന്നുണ്ട്. ഇഴജന്തുക്കളുടെ ശല്യം വേറെ. തോടിൻ്റെ മുന്നോട്ടുള്ള കൈവഴികൾക്ക് വീതി കുറഞ്ഞതാണ് കാരണം. മാലിന്യക്കുഴിയിൽ കിടക്കുന്നവരെന്ന് പറഞ്ഞ് പലരും മിണ്ടാൻ പോലും മടിക്കുന്നെന്ന് മേഴ്‌സി.
സ്വകാര്യവ്യക്തി തോട് നികത്തിയതാണ് മലിനജലം അടിഞ്ഞുകൂടാൻ കാരണമായതെന്ന് നാട്ടുകാർ. പ്രധാനമന്ത്രിക്ക് വരെ പരാതി നൽകി. കളക്ടറും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. പക്ഷേ തുടർനടപടികൾ പാതി വഴിയിൽ നിലച്ചു.
പൂച്ചെടികൾ നിറഞ്ഞ കുഞ്ഞുങ്ങൾക്ക് ഓടിക്കളിക്കാൻ കഴിയുന്ന ഒരു മുറ്റം ഇനി എന്നിവിടെ തിരിച്ചുവരും? സ്വസ്‌തവും സുരക്ഷിതവുമായ ജീവിതത്തിനായി മേഴ്‌സിയും കുടുംബവും ഇനി എത്രനാൾ കാത്തിരിക്കണം? ഉത്തരം പറയേണ്ടത് മുനിസിപ്പാലിറ്റി മുതൽ സർക്കാരിൻ്റെ വിവിധ വകുപ്പുകൾ വരെയുള്ള അധികൃതരാണ്.