ക്രിസ്തുമസ് പാപ്പയും കാരളുമെല്ലാം ക്രിസ്തുമസ് കാലത്ത് വൈബാണ്. അപ്പോൾ പിന്നെ 2500 ക്രിസ്മസ് പാപ്പമാർ റോഡിലിറങ്ങിയാൽ എങ്ങനെ ഉണ്ടാകും? തിരുവല്ലയുടെ നഗരഹൃദയത്തിൽ നടന്ന ക്രിസ്തുമസ് വരവേൽപ്പ് കാഴ്ചകളിലേക്ക് പോയി വരാം.
അഞ്ചുവയസ്സു മുതൽ 60 വയസ്സുവരേയുള്ള പാപ്പാമാരുണ്ട്. തൊപ്പിയും താടിയുമൊക്കെ വെച്ച് അവർ ഒരുമിച്ച് ചുവടുകൾ വെച്ചു. രാമൻചിറ മുതൽ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ അങ്കണം വരെ.
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യനാണ് ഉദ്ഘാടനം ചെയ്തത്. യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരുടെ ക്രിസ്തുമസ് ഗാനം ചടങ്ങിന് ഇമ്പമായി. വൈഎംസിഎ വികാസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച വാദ്യമേളങ്ങൾ അകമ്പടി ചേർന്നപ്പോൾ ആഘോഷം വാനോളം. തിരുവല്ലയിലെ പൗരാവലിയും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരി വ്യവസായികളും ചേർന്നൊരുക്കിയതാണ് സാന്റാ ഹാർമണി - 2024.