പ്രതീക്ഷയോടെ തുടങ്ങിയ മത്സ്യകൃഷി പരാജയമായതോടെ വർണ്ണ മത്സ്യങ്ങളെ വളർത്തി വിജയം കൊയ്ത കഥയാണ് മൂവാറ്റുപുഴ സ്വദേശി ജോൺ പൊറ്റാസിന് പറയാനുള്ളത്. ഇടുക്കി അടിമാലിയിലെ ജോണിന്റെ ഫാമിലെ കൊച്ചു തടാകവും വർണ്ണ മത്സ്യങ്ങളും സമൂഹമാധ്യമങ്ങളിലും തരംഗമാണ്.
ചെറുവള്ളത്തിൽ കൊച്ചു തടാകത്തിലൂടെ വർണ്ണ മത്സ്യങ്ങളോടൊപ്പമുള്ള യാത്ര. ഒപ്പം തടാകത്തിന്റെ തണുപ്പും വർണ്ണ മത്സ്യങ്ങളുടെ ഇക്കളിപ്പെടുത്താലും ആസ്വദിച്ച് മനസ് നിറഞ്ഞ് മടങ്ങാം. മൂന്നാറിലേക്കുള്ള യാത്ര മധ്യേ വഴിയോരം ചേർന്നുള്ള അടിമാലി ചാറ്റുപാറയിലെ ഈ ഫാം സന്ദർശികരുടെ ഇഷ്ട കേന്ദ്രമാണ്
ശുദ്ധജല മത്സ്യകൃഷി നടത്താനാണ് ജോണേട്ടൻ ആദ്യം കൃഷിയിടത്തോട് ചേർന്ന് കൊച്ചു തടാകം നിർമ്മിച്ചത്. എന്നാലത് അത് പൂർണ്ണ പരാജയമായി. പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആദ്യം 5000 വർണ്ണ മത്സ്യ കുഞ്ഞുങ്ങളെയാണ് തടാകത്തിൽ നിക്ഷേപിച്ചത്. തുടക്കത്തിൽ ഫാം എന്ന ആശയം ജോണേട്ടന്റെ മനസിൽ ഉണ്ടായിരുന്നില്ല. വർണ്ണ മത്സ്യക്കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തിയതോടെ സഞ്ചാരികൾ എത്തിത്തുടങ്ങി. അങ്ങനെയാണ് ഫിഷ് ഫാൺ ഫാം എന്ന ആശയം മനസിലുദിച്ചത്. എൺപതാം വയസിലും ജോണേട്ടൻ തന്റെ ഫാമിൽ എത്തുന്നവരെ തൃപ്തിപ്പെടുത്താൻ പുതിയ വഴികൾ തേടുകയാണ്.