സോഷ്യൽ മീഡിയയിലെ സ്ഥിരം വിമർശനങ്ങളോടും ട്രോളുകളോടും പ്രതികരിച്ച് എഎ റഹീം എംപിയുടെ ഭാര്യ അമൃത റഹീം. ലുട്ടാപ്പി എന്ന് റഹീമിനെ വിളിക്കുമ്പോൾ ഇവർക്കൊക്കെ എന്ത് ആനന്ദമാണ് കിട്ടുന്നതെന്നും, മുഖം പോലുമില്ലാത്ത ഏതോ ഒരു പോരാളി ഷാജി നിരന്തര അവഹേളനം നടത്തുകയാണെന്നും അമൃത തുറന്നടിച്ചു. പോരാളി ഷാജി ലെഫ്റ്റ് ആണെന്ന് കരുതുന്നില്ല. മുഖം പോലുമില്ലാത്ത ആ പ്രൊഫൈലിനെ പറ്റി എന്ത് പറയാൻ. ആരോഗ്യകരമായ ട്രോളുകളെ താൻ ആസ്വദിക്കാറുണ്ടെന്നും, എന്നാൽ ട്രോൾ എന്ന പേരിലുള്ള വ്യക്തിഹത്യയെ അംഗീകരിക്കാൻ ആവില്ലെന്നും അവർ വ്യക്തമാക്കി. ' എന്റെ ഭർത്താവിനെ ലുട്ടാപ്പി എന്ന് വിളിക്കുമ്പോൾ ഇവർക്ക് എന്ത് ആനന്ദമാണ് കിട്ടുന്നത് എന്ന് മനസ്സിലാവുന്നതേയില്ല. ഇടത് പക്ഷക്കാരെയാണെങ്കിലും വലതുപക്ഷക്കാരെയാണെങ്കിലും സൈബർ അറ്റാക്ക് ചെയ്യുന്നതിനോട് യോജിക്കാനാവില്ല. പണ്ടത്തേതിൽ നിന്നും വിപരീതമായി മുഖമുള്ള പ്രൊഫൈലുകളിൽ നിന്നുപോലും പച്ച അശ്ലീലമാണ് ഇപ്പോൾ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആർക്കും ആരെ വേണമെങ്കിലും അപമാനിക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ. എനിക്ക് വർഷങ്ങളോളം കഷ്ടപ്പെട്ട് ഡോക്ടറേറ്റ് കിട്ടിയതിനെ പോലും അപമാനിച്ചുകൊണ്ട് എത്രയെത്ര കമന്റുകൾ ആണ് വരുന്നത്. മകൻ സിനിമയിൽ അഭിനയിച്ച വിശേഷങ്ങൾ പങ്കുവെച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റുകളെ ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ല. അമൃത പറഞ്ഞു നിർത്തി.