എം.ടിയെന്ന എഴുത്തുകാരനുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തിരൂര്‍ തുഞ്ചൻപറമ്പ് വർഗീയ വാദികളുടെ കൈപ്പിടിയിൽ അകപ്പെടാതെ പോയതെന്ന് മന്ത്രി എം.ബി രാജേഷ്... എം.ടിക്ക് കൂടല്ലൂരിൽ ഉചിതമായ സ്‌മാരകം പണിയാൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കൂടല്ലൂർ ഹൈസ്‌കൂളില്‍ ഓർമകളിൽ എം.ടിയെന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും വലിയ തോതില്‍ സൈബർ ആക്രമണം നേരിട്ട വ്യക്‌തിയാണ് എം.ടി. യഥാർഥത്തിൽ അദ്ദേഹത്തിനുള്ള മരണാനന്തര ബഹുമതിയായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം സ്വീകരിച്ച ഉറച്ച മതനിരപേക്ഷ നിലപാടുകളാണ് കാരണം. എം.ടിയുണ്ടായത് കൊണ്ട് മാത്രമാണ് തുഞ്ചൻപറമ്പ് വർഗീയ വാദികളുടെ കൈപ്പിടിയിൽ അകപ്പെടാതെ പോയത്. മത നിരപേക്ഷതയുടേയും ഇന്ത്യ എന്ന മഹത്തായ ആശയത്തിന്‍റെയും മനസാക്ഷിയായിരുന്നു എംടിയെന്നും എം.ബി.രാജേഷ്.
അനാഥരുടേയും ഒറ്റപ്പെട്ടവരുടേയും കഥകളാണ് എംടിയുടേതെന്നും അങ്ങനെ മനുഷ്യരെ അനശ്വരരാക്കുകയാണ് എം.ടി ചെയ്തതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍. കൈവെച്ച മേഖലയിലെല്ലാം വിജയം വരിച്ചയാളായിരുന്നു എം.ടിയെന്ന് ബെന്യാമിൻ. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുഹമദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ പരിപാടിയില്‍ കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേർ പങ്കെടുത്തു.