നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇതിന് പിന്നാലെ ട്രോള്‍ പൂരമാണ്. ജയിലിലേക്ക് ജയിൽ വേഷത്തിൽ പോകുന്ന ആദ്യ വ്യക്തി ബോബി ചെമ്മണ്ണൂർ ആയിരിക്കുമെന്നാണ് ആളുകളുടെ നിരീക്ഷണം. ബോബിയിട്ട ഡ്രസ്സിൽ ഇനി ഒരു നമ്പർ കൂടി ഇട്ടാൽ മതിയെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആരോടും ദ്വയാർത്ഥപ്രയോഗത്തിൽ സംസാരിക്കുന്ന ബോബി ചെമ്മണ്ണൂരിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി. ഹണി റോസിന്‍റെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.