റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ കൈയ്യിൽ പെട്ടുപോയ തൃശൂര്‍ സ്വദേശി ബിനില്‍ ബാബു യുദ്ധഭൂമിയിൽ മരിച്ചുവീണത് മാസങ്ങൾ മാത്രം പ്രായമുള്ള സ്വന്തം മകനെ കാണാനാകാതെ. 4 മാസം മുമ്പാണ് ബിനില്‍ ബാബുവിന്റെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇലക്ട്രീഷ്യനായ ബിനിലിന് നേരത്തേ ഒമാനിലായിരുന്നു ജോലി. ശമ്പളം മുടങ്ങാൻ തുടങ്ങിയതോടെ മാസങ്ങള്‍ക്ക് മുൻപാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
മെച്ചപ്പെട്ട ജോലിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ചതിയിൽപെട്ടാണ് ബിനില്‍ ബാബുവും ബന്ധുവായ ജെയ്നും റഷ്യയിലെത്തുന്നത്. അകന്ന ബന്ധു വഴിയാണ് കഴിഞ്ഞ ഏപ്രിൽ 4ന് രണ്ടുപേരും റഷ്യയിൽ ചെന്നിറങ്ങിയത്. പോളണ്ടിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാക്കളെ യാത്രയ്ക്ക് സന്നദ്ധരാക്കിയത്. വീസയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലായപ്പോഴാണ് ജോലി റഷ്യയിലാണെന്ന് തന്നെ ഇരുവരും അറിയുന്നത്.
ബിനില്‍ ബാബുവിനെയും ജെയ്നിനെയും കൂലിപ്പട്ടാളത്തിൽ പരിശീലനത്തിനാണ് ആദ്യം നിയോഗിച്ചത്. പിന്നീട് യുദ്ധഭൂമിയിൽ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിർമിക്കലുമായി ജോലി. യുദ്ധഭൂമിയിലേക്കു നേരിട്ട് നിയോഗിക്കലാണ് അടുത്തഘട്ടമെന്നാണു കഴിഞ്ഞ ദിവസം ജെയ്ൻ പറഞ്ഞത്. തുടർന്ന് വിളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അറിയിച്ചു. നാല് മാസം പ്രായമുള്ള മകനെ പോലും കാണാനാവാതെയാണ് ബിനിൽ യാത്രയായതെന്നത് ഏറ്റവും സങ്കടകരമാണ്.
യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് പരുക്കേറ്റിരുന്നു. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. ബിനിലിനെയും ജെയ്നിനെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണവാർത്തയെത്തുന്നത്.