നിയമസഭയിലെ ശങ്കരനാരായണ്‍ തമ്പി ഹാളിന് ഒട്ടും പരിചതമല്ലാത്ത ഒന്നായിരുന്നു ഇത്. പക്ഷേ സംഗീതത്തിന് കടന്നുചെല്ലാന്‍ കഴിയാത്ത ഇടമില്ലല്ലോ. മലയാള മനോരമയുടെ പാട്ടുസഭയില്‍ മലയാളികള്‍ നെഞ്ചേറ്റിയ പാട്ടുകള്‍ സ്റ്റീഫന്‍ ദേവസിയുടെ മാന്ത്രിക വിരലുകള്‍ കീബോര്‍ഡില്‍ ആടിതകര്‍ത്തപ്പോള്‍ ആസ്വാദകര്‍ ഏറ്റുപാടി.
പിന്നാലെ വേദിയെയും കാണികളെയും കീഴടക്കാന്‍ ജി.വേണുഗോപാല്‍. മകനും ഗായകനുമായ അരവിന്ദ് വേണുഗോപാലിനൊപ്പം സ്വന്തം എവര്‍ഗ്രീന്‍ ഹിറ്റുകള്‍ പാടിയപ്പോള്‍ സദസ് ലയിച്ചിരുന്നു.
പിന്നണിഗാന രംഗത്ത് നാൽപതു വർഷം പൂർത്തിയാക്കിയ ജി. വേണുഗോപാലിനെ സ്പീക്കര്‍ എ.എൻ.ഷംസീറും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേര്‍ന്ന് ആദരിച്ചു. മലയാള മനോരമയുടെ ഉപഹാരം എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമ്മാനിച്ചു. എംഎൽഎമാരായ ഡോ.എം.കെ.മുനീറും പി.സി.വിഷ്ണുനാഥും വേണുഗോപാലിന് ആദരമായി മൈക്ക് എടുത്തു.
അന്തരിച്ച ഗായകൻ പി.ജയചന്ദ്രന്റെ സ്മരണ പുതുക്കി കടന്നപ്പള്ളി രാമചന്ദ്രന്റെ പാട്ടും ചിറ്റയം ഗോപകുമാറിന്റെ നാടൻ പാട്ടും സദസ്സിന്റെ പുതിയ അനുഭവമായി. ഗായകരായ പുഷ്പവതി, രേഷ്മ രാഘവേന്ദ്ര, ആൻ ബെൻസൻ, ശ്യാംപ്രസാദ് തുടങ്ങിയവര്‍ ത്രസിപ്പിക്കുന്ന പാട്ടുകളുമായി വേദി കീഴടക്കി. നിയമസഭ സെക്രട്ടറി ഡോ.സി.കൃഷ്ണകുമാറും ചടങ്ങില്‍ പങ്കെടുത്തു.