വയനാട് അമരക്കുനിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു.വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിനായെത്തിയത്.മൂന്ന് കൂടുകള്‍ കൂടി സ്ഥാപിച്ച് പുതിയ ഇരകളെവച്ചു.കുങ്കികളെ ഉപയോഗിച്ചുള്ള തിരച്ചില്‍ നാളെയാണ്. കടുവ തോട്ടത്തില്‍ത്തന്നെയെന്നാണ് നിഗമനം.
രാവിലെയോടെയാണ് ദൗത്യം ആരംഭിച്ചത്. ഡി.എഫ്.ഒ അജിത് കെ.രാമന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയും 9 മണിയോടെ അമരക്കുനിയിലെത്തി. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് കടുവക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഒരു മണിയോടെ മുത്തങ്ങയിൽ നിന്ന് കുങ്കികളെ എത്തിച്ചു. തിരച്ചിൽ ഊർജിതമാക്കാനാണ് വിക്രമനേയും സുരേന്ദ്രനേയും എത്തിച്ചത്.
കഴിഞ്ഞ ഏഴിനാണ് പ്രദേശത്ത് കടുവയെത്തിയത്. കർണാടക വനത്തിൽ നിന്നെത്തിയ പത്തു വയസ് പ്രായം തോന്നിക്കുന്ന കടുവ പ്രദേശത്തെ തോട്ടത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം. കടുവയുടെ സാന്നിധ്യമുള്ള രണ്ട് മേഖലകളിൽ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. തുടർന്നാണ് കടുവയെ മയക്കു വെടി വെച്ച് പിടികൂടാൻ ഉത്തരവിട്ടത്.