പതിനൊന്നു ദിവസം ശാരീരിക അവശതകളോടെ വീട്ടിലും ആശുപത്രികളിലും കഴിഞ്ഞപ്പോഴൊന്നും ഷാരോൺ തന്‍റെ പ്രണയിനിയായ ഗ്രീഷ്മയാണിത് ചെയ്തതെന്ന് കരുതിയതേയില്ല. അവസാന ദിവസം, മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ രാവിലെ ഐസിയുവില്‍ വെച്ചാണ് ഷാരോണ്‍ അച്ഛനോട് കാര്യങ്ങള്‍ തുറന്നു പറയുന്നത്.

ഏതുവിധേനയും ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ച ഗ്രീഷ്മ ഇതിനായി നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. 2021 ഒക്ടോബര്‍ മുതലാണു ഷാരോണ്‍ രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ ഗ്രീഷ്‍മ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി.

നവംബറില്‍ ഷാരോണിന്റെ വീട്ടിൽവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവാഹം അടുത്തുവരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചിരുന്നു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗ്രീഷ്മ ഗൂഗിളില്‍ സേര്‍ച് ചെയ്തു.

പാരസെറ്റമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ചു വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികകള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറച്ചു. ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു. ഗുളിക കലര്‍ത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്നു ഗ്രീഷ്മ പറഞ്ഞിരുന്നത്.

14-ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു. ‘കഷായം കുടിക്കാമെന്നു മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ വച്ച് ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്‌നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബല്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്കു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണു തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

ENGLISH SUMMARY:

Sharon, despite enduring physical weakness and spending eleven days between home and hospitals, never once suspected that his lover, Greeshma, was responsible for his condition. On the final day, as he was battling death, Sharon revealed everything to his father while lying in the ICU in the morning.