ഹണി റോസിന്‍റെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ച വാര്‍ത്ത പങ്കുവെച്ച് വിഡിയോ സ്റ്റോറിയുമായി വീണ്ടും രാഹുല്‍ ഈശ്വര്‍ രംഗത്ത്. കുടുംബങ്ങളെയും സംസ്കാരത്തെയും തകര്‍ക്കാന്‍ നോക്കുന്ന തീവ്ര ഫെമിനിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സിപിഎം നേതാവ് ടിവി രാജേഷ് പൊട്ടിക്കരയുന്ന പഴയ വിഡിയോ ദൃശ്യങ്ങളും പങ്കിട്ടു.
നിയമസഭയില്‍ നടന്ന കയ്യാങ്കളിയെക്കുറിച്ച് പ്രതിപക്ഷനേതാക്കള്‍ നടത്തിയ ആരോപണങ്ങളില്‍ മനംനൊന്ത് അന്ന് പ്രതിപക്ഷ എംഎല്‍എ ആയിരുന്ന ടിവി രാജേഷ് മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ വിഡിയോയാണ് രാഹുല്‍ പങ്കിട്ടത്.
രാഹുല്‍ ഈശ്വറിന്‍റെ വാക്കുകള്‍; 'സിപിഎം നതാവ് ടിവി രാജേഷിന്‍റെ ജീവിതത്തിലുണ്ടായ വേദന എന്നെ വളരെയധികം സ്വീധീനിച്ചിട്ടുണ്ട്. എന്‍റെ മനസില്‍ ആഴത്തില്‍ പതിഞ്ഞുപോയ ദൃശ്യങ്ങളാണിത്. ടിവി രാജേഷിന്‍റെ കരച്ചില്‍ ഓരോ പുരുഷന്മാരുടെയും കരച്ചിലാണ്. എനിക്ക് അച്ഛനും അമ്മയും ഭാര്യയും കുടുംബവുമുണ്ടെന്ന് പറഞ്ഞ് നിയമസഭാ മന്ദിരത്തിന് മുന്നില്‍ നിന്ന് പൊട്ടിപൊട്ടിക്കരഞ്ഞ രാജേഷിനെ ആരും മറന്നുകാണില്ല.
വ്യാജ ആരോപണങ്ങളുടെ പേരില്‍ ഉമ്മന്‍ ചാണ്ടി സാറും നിവിന്‍ പോളിയും എല്‍ദോസ് കുന്നപ്പിള്ളിയും സിദ്ദിഖുമൊക്കെ മനസില്‍ എത്രമാത്രം കരഞ്ഞിട്ടുണ്ടാവും. ഇതൊക്കെ ആണുങ്ങളുടെ ജീവിതത്തെ എത്ര മോശമായാണ് ബാധിക്കുക. ഇതൊക്കെ ഫെമിനിസ്റ്റുകള്‍ തിരിച്ചറിയണം.
പൊലീസ് തനിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പറഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബങ്ങളെയും സംസ്കാരത്തെയും തകര്‍ക്കാന്‍ നോക്കുന്ന തീവ്ര ഫെമിനിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും. സിദ്ദിഖിനെതിരെയുള്ള പരാതി 100 ശതമാനം വ്യാജമാണ്. സ്വഭാവ ദൂഷ്യം കാരണം ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്ത്രീയാണ് പരാതിക്കാരി'.