ശിക്ഷ പരമാവധി കുറച്ചു നല്‍കണമെന്ന് ഷാരോണ്‍ കൊലക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധി സംബന്ധിച്ചു നടന്ന വാദത്തിനിടെയായിരുന്നു ഗ്രീഷ്മ ഇക്കാര്യം ആവശ്യപ്പെട്ടത്. 24വയസാണ് തന്‍റെ പ്രായം. പഠിക്കാന്‍ മിടുക്കിയാണ്. തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ട്. അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ശിക്ഷതീരുമാനിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഗ്രീഷ്മ അപേക്ഷിച്ചു. എന്നാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിചെയ്ത കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. കൊലക്കുറ്റത്തിന് 302 വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പരമാവധി ശിക്ഷതന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്‌നേഹത്തെയാണ് ഗ്രീഷ്മ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും കൊലപ്പെടുത്തിയതും. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ചെകുത്താന്‍റെ സ്വാഭാവമാണ് പ്രതി ഗ്രീഷ്മയ്ക്കുള്ളതെന്ന വിമര്‍ശനവും പ്രോസിക്യൂഷന്‍റെ ഭാഗത്തുനിന്നുണ്ടായി.
വിഷം കൊടുത്തുള്ള കൊലപാതകം , പൊലീസിനെ തെറ്റിധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 2022 ഒക്ടോബർ 14-ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയിൽ ചികില്‍സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്.