2022 ഒക്ടോബര്‍ 14ന് സുഹൃത്ത് റെജിനൊപ്പമാണ് ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ പോയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കുടിക്കാനായി കഷായം നല്‍കി. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ച ഷാരോണ്‍ ക്ഷീണിതനാവുകയും പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാല്‍ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഷാരോണ്‍ ചികിത്സ തേടി. മറ്റെന്തെങ്കിലും പാനീയം ഉള്ളില്‍ച്ചെന്നിട്ടുണ്ടോയെന്ന് നഴ്സ് തുടര്‍ച്ചയായി ചോദിച്ചതിനെ തുടര്‍ന്നാണ് കഷായം കുടിച്ച വിവരം ഷാരോണ്‍ പറയുന്നത്. ഈ അവസരങ്ങളിലൊന്നും ഷാരോണ്‍ ഗ്രീഷ്മയുടെ പേര് പറഞ്ഞിരുന്നില്ല.ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് തിരിച്ചുവന്നശേഷം ഷാരോണിന് ഭക്ഷണമൊന്നും കഴിക്കാന്‍ കഴിയാതായിരുന്നു. അന്നനാളം പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു. വെള്ളം പോലും ഇറക്കാന്‍ കഴിയാതെയാണ് ഷാരോണ്‍ ആ ദിവസങ്ങളില്‍ ജീവിച്ചത്.
ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട് . 13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്നു ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നു ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.
ഷഡാംഗ പാനീയം കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതില്‍ കീടനാശിനി കലര്‍ത്തി. ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്നു ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.