ഷാരോണിനെ കൊന്നതെന്ന് തെളിഞ്ഞതോടെ ഗ്രീഷ്മയ്ക്ക് നിയമം കരുതി വെച്ചിരിക്കുന്ന ശിക്ഷ എന്താണെന്നാണ് പലരും ആലോചിക്കുന്നത്. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ ശിക്ഷയുടെ അളവ് പരമാവധി കുറയ്ക്കണമെന്നാണ് ഗ്രീഷ്മ കോടതിയിൽ അപേക്ഷിച്ചത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇതിനിടെ അന്വേഷണ സമയത്ത് ഗ്രീഷ്മ പറഞ്ഞ വാക്കുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ ഓർത്തെടുക്കുന്നത്.

തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചത്. കേസ് അന്വേഷണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയ സമയത്ത് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ ഗ്രീഷമയുടെ മനസ് അറിയാൻ വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചു. അവരോട് ഒരു പ്രതിയെന്ന പേടിയും തോന്നലും ഒന്നുമില്ലാതെയാണ് ഗ്രീഷ്മ ഇടപെട്ടത്.

ആ സംസാരത്തിനിടയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു എന്തിനാണ് ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചത്. ഗ്രീഷ്മയ്ക്ക് ബിരുദാനന്തര ബിരുദമുണ്ട്. കാര്യങ്ങൾ സ്മാർട്ടായി മനസിലാക്കുന്ന പെൺകുട്ടി. കൊലപാതകം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും അറിയാം. എന്നിട്ടും എന്തിന് കൊല ചെയ്തുവെന്നാണ് ഉദ്യോഗസ്ഥർ ഉദ്ദേശിച്ചത്. ചിരിച്ചുകൊണ്ട്, യാതൊരു കൂസലുമില്ലാതെയാണ് ഗ്രീഷ്മ അതിന് മറുപടി പറഞ്ഞത്.

ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. അപ്പോൾ 38 വയസൊക്കെയാകുമ്പോൾ ജയിലിൽ നിന്നിറങ്ങും. ഞാൻ അതു കഴിഞ്ഞ് ജീവിച്ചോളാം. ഈ മറുപടി കേട്ട ഉദ്യോഗസ്ഥർക്ക് മറുപടി ഇല്ലാതായി.

ഗ്രീഷ്മ കരുതിയത് പോലെ 38 വയസിൽ പുറത്തിറങ്ങാൻ പറ്റുന്ന ജീവപര്യന്തമാണോ അതോ അതിലും കൂടുതലാണോയെന്ന് തിങ്കളാഴ്ച അറിയാം.