സമാധി വിവാദത്തിലൂടെ സോഷ്യല്‍ ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയ തിരുവനന്തപുരം സബ് കലക്ടര്‍  ഒ.വി. ആല്‍ഫ്രഡിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി  മറ്റൊരു ഐ.എ.എസുകാരന്‍ കൂടി. ശബരിമല എഡിഎം അരുൺ എസ്.നായർ ഐ.എ.എസ് ആണ് സോഷ്യല്‍ ലോകം തിരയുന്ന മറ്റൊരു സുന്ദരന്‍. ഇന്‍സ്റ്റഗ്രാമില്‍ മലയാളി പെണ്‍കുട്ടികളുടെ നിലവിലെ അനൗദ്യോഗിക ക്രഷാണ്  അരുണ്‍.

സുന്ദരന്‍മാരായ ഐ.എ.എസുകാരുടെ ആരാധികമാരാകുന്ന യുവതികളെക്കുറിച്ചോര്‍ത്തും ഭാവിയെക്കുറിച്ചോര്‍ത്തും ആശങ്കകള്‍ പങ്കിടുന്ന കേരളത്തിലെ യുവാക്കളാണ് കമന്‍റ് ബോക്സുകളിലാകെ നിറഞ്ഞിരിക്കുന്നത്. കമന്‍റ് ബോക്സിലാകെ കലക്ടറുടെ ഇന്‍സ്റ്റഗ്രാം ഐഡി പിന്‍ ചെയ്ത് വച്ചിരിക്കുന്നതും കാണാം. 

പുതിയകാലയുവത്വത്തിന്‍റെ പ്രതീകമായാണ്   എഡിഎം അരുൺ എസ് നായരെ ആരാധാകവൃന്ദം വിലയിരുത്തുന്നത്. പലവട്ടം ഇരുമുടി എടുത്ത് മല ചവിട്ടിയ അരുണിന് ഒരു നിയോഗം പോലെയാണ് എഡിഎമ്മിന്റെ ചുമതലയെത്തിയത്. സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് കൗതുകമായിരുന്നു പ്രസരിപ്പോടെ ഓടി നടക്കുന്ന യുവാവ്. ശബരിമലയുടെ ചുമതലയുള്ള എഡിഎം അരുൺ എസ് നായർ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഡോക്ടറായ  ശേഷമാണ് സിവിൽ സർവീസിലെത്തിയത്. പഠനകാലത്തും ഇടുക്കി സബ് കലക്ടർ ആയിരിക്കുമ്പോഴും ഇരുമുടിയെടുത്ത് പലവട്ടം പതിനെട്ടാം പടി ചവിട്ടി.

ഓഫീസിൽ ഇരുന്നല്ല തീർത്ഥാടകർക്കിടയിലേക്ക് ഇറങ്ങിയാണ് പ്രവർത്തനം. ശബരിമലയിലെ ചുമതല ഒരു വെല്ലുവിളിയാണ്. ഒരു മണ്ഡലകാലം പ്രശ്നങ്ങളില്ലാതെ അവസാനിക്കുന്നതിന്റെ സന്തോഷവുമുണ്ട് അരുണിന് . മാളിപ്പുറം ഫ്ലൈ ഓവറിൽ നിന്ന് ഒരു തീർത്ഥാടകൻ താഴേക്ക് ചാടിയതാണ് ജോലിയിലെ ഏറ്റവും സങ്കടപ്പെടുത്തുന്ന ഓർമ്മ. സന്നിധാനത്ത് തീർത്ഥാടകർക്ക് വൈദ്യസഹായം വേണമെങ്കിലും ആദ്യം ഓടിയെത്താൻ ഡോക്ടറായ എഡിഎം ഉണ്ട്.

ഇതാദ്യമായല്ല ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായെത്തിയ മെറിന്‍ ജോസഫും അക്കാലത്ത് സോഷ്യല്‍ മീഡിയയുടെ ക്രഷ് ആയിരുന്നു. ദിവ്യ എസ് അയ്യര്‍, യതീഷ് ചന്ദ്ര എന്നിവരും സൈബറിടത്ത് തരംഗം തീര്‍ത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്.

ENGLISH SUMMARY:

Following the viral success of Alfred IAS, Arun S. Nair has become the latest sensation, capturing widespread attention across social media