യെമനില്‍ പത്തുവര്‍ഷമായി കുടുങ്ങിയ മലയാളി ഇന്ന് വീട്ടിലേയ്ക്ക് തിരിച്ചെത്തും. തൃശൂര്‍ നെടുമ്പാള്‍ സ്വദേശി കെ.കെ.ദിനേശനാണ് ജന്‍മനാട്ടിലേക്ക് മടങ്ങിയെത്തുന്നത്.
തൃശൂര്‍ നെടുമ്പാള്‍ സ്വദേശിയായ കെ.കെ.ദിനേശന്‍ 2014 ഓഗസ്റ്റിലാണ് ജോലി തേടി യെമനില്‍ എത്തുന്നത്. പിന്നാലെ യുദ്ധംപൊട്ടിപുറപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുടുങ്ങി. ആദ്യത്തെ രണ്ടു വര്‍ഷം ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ആ വിളിയും ഇല്ലാതെയായി.
2021ല്‍ ദിനേശനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങി. ടൈല്‍ പണിക്കാരനായ ദിനേശന്‍ വിദേശത്തേക്ക് പോകുമ്പോള്‍ മൂത്ത മകള്‍ കൃഷ്ണവേണിയ്ക്കു രണ്ട് വയസായിരുന്നു. മകന്‍ സായികൃഷ്ണയ്ക്ക് ആറു മാസവും. ഇന്ന് ആ മക്കള്‍ ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലുമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി അച്ഛനെ നേരില്‍ കണ്ടിട്ടില്ല. ഭാര്യ അനിതയാകട്ടെ ഭര്‍ത്താവിന്‍റെ കൂട്ടില്ലാതെ മക്കളെ വളര്‍ത്തി. ദിനേശന്‍റെ അച്ഛനും അമ്മയും മകനെ കാണാന്‍ കാത്തിരിക്കുകയാണ്. ദിനേശന്‍റെ മടങ്ങിവരവ് വീട്ടുകാരും നാട്ടുകാരും ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്.