TOPICS COVERED

താൽക്കാലിക അമ്യൂസ്മെൻറ് പാർക്കുകളില്ലാത്ത ഉത്സവപ്പറമ്പുകളും പെരുന്നാളാഘോഷങ്ങളും ഇപ്പോൾ കുറവാണ്. അഞ്ചു മിനിറ്റത്തെ ഉല്ലാസത്തിന് പിന്നിൽ പക്ഷേ ജീവൻ പോലും അപകടത്തിലാകുന്ന സാഹചര്യങ്ങൾ പതിയിരിപ്പുണ്ട്. ഫയർഫോഴ്സ് മുതൽ ആർഡിഒ വരെ അനുമതി നൽകിയാലേ ഇത്തരം അമ്യൂസ്മെന്റ് പാർക്കുകൾക്ക് പ്രവർത്തിക്കാനാകൂ. ഓരോ റൈഡുകളിലും കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? നോക്കാം.

മൂന്നോ, നാലോ റൈഡുകളേ ഉള്ളെങ്കിലും അതിന്റെ പ്രവർത്തന ക്ഷമതയിലും സ്ഥല സൗകര്യത്തിലും സുരക്ഷിതത്വത്തിലുമാണ് കാര്യം. റൈഡുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗമാണ്. എല്ലാദിവസവും ആളുകൾ കയറുന്നതിനു മുൻപ് ഡമ്മി വെയിറ്റി ഉപയോഗിച്ച് ക്ഷമത പരിശോധിക്കണമെന്നാണ് നിയമം. ഓരോ യന്ത്രവും നിയന്ത്രിക്കാൻ സൂപ്പർവൈസർ വേണം. ഓരോരുത്തരും കയറിയ ശേഷം ലോക്കും വാതിലും അടഞ്ഞിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ആകാശത്തൊട്ടിലിൽ പരമാവധി 48 പേർക്കാണ് ഒരേസമയം കയറാൻ അനുമതിയുള്ളത്. കൊളംബസിൽ 66 പേർക്ക് കയറാം. ഡ്രാഗൺ ട്രെയിനിൽ 24 ഉം ബ്രേക്ക് ഡാൻസിൽ 40 മായാണ് പരമാവധി ആളുകളുടെ എണ്ണം ചുരുക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ നേരിട്ടത്തി പരിശോധനകൾ നടത്തി നിബന്ധനകൾ പാലിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിഡബ്ല്യുഡിയുടെ അനുമതി ലഭിക്കുക. അവിടെയും തീർന്നില്ല. ഇനി ഫയർഫോഴ്സിന്റെ ഊഴമാണ്. അമ്യൂസ്മെൻറ് പാർക്കുകൾ ഒരുക്കുന്ന മൈതാനത്തിന് രണ്ട് പ്രവേശന കവാടം വേണം. ഒരു അപകടമുണ്ടായാൽ ആളുകളെ വളരെ വേഗം പുറത്തെത്തിക്കാനാണിത്. പ്രദർശനം നടക്കുന്ന സ്ഥലത്തിന് ചുറ്റും അഗ്നിശമനസേനാ വാഹനത്തിന് പോകാനാകുന്ന വിധം സ്ഥലം ഒഴിച്ചിടണം. അഗ്നിബാധയ്ക്കുള്ള സാധ്യതയില്ലെന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം. അനുമതി നൽകുന്നതിന് മുൻപും അമ്യൂസ്മെൻറ് പാർക്കിന്റെ പ്രവർത്തനം തുടങ്ങി കഴിഞ്ഞും രണ്ടുതവണയായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും. പൊലീസിന്റെ സുരക്ഷാ നിർദ്ദേശവും പാലിക്കേണ്ടതുണ്ട്. മദ്യമോ ലഹരിയോ ഉപയോഗിച്ചിട്ടുള്ളവർ, ഗർഭിണികൾ, രക്തസമ്മർദ്ദമുള്ളവർ എന്നിവർക്ക് റൈഡുകളിൽ കയറാൻ പാടില്ലെന്നാണ് നിയമം. ജില്ലാ ഭരണകൂടമാണ് അന്തിമ അനുമതി നൽകേണ്ടത്.

നിയമങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തിരക്കിനിടയിൽ ഇവ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് സംശയം. അനുമതി നൽകുന്നതിന് മുൻപുള്ള പരിശോധന അഘോഷം അവസാനിക്കുന്നതുവരെ തുടർന്നിരുന്നെങ്കിൽ ആഘോഷങ്ങൾ അപകടരഹിതമായി തുടർന്നേനെ.

ENGLISH SUMMARY:

Amusement Parks will operate only after approval from Fire Force and RDO. What should you pay attention to when getting on each ride? Let's have a look.